ലോകകപ്പ് യോഗ്യത റൗണ്ട്: ആത്മവിശ്വാസത്തോടെ ഒമാൻ
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്നതിനുള്ള മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ടിൽ ഒമാൻ ചൊവ്വാഴ്ച സൗദി അറേബ്യയെ നേരിടും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ രാത്രി ഏഴു മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ തോൽപിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് ഒമാൻ. അതിനേക്കാളുപരിയായി ഏകദേശം രണ്ടു വർഷത്തെ ഇടവേളക്കുശേഷം സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നുവെന്ന സവിശേഷതകൂടി ചൊവ്വാഴ്ചത്തെ മത്സരത്തിനുണ്ട്.
അവസാനമായി കാണികൾക്കു മുന്നിൽ ഒമാൻ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത് 2019 നവംബർ 19ന് ഇന്ത്യക്കെതിരെയായിരുന്നു. ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യത മത്സരത്തിൽ അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് ഒമാൻ ജയിച്ചു. അതിനുശേഷം കോവിഡ് നിയന്ത്രണങ്ങൾമൂലം ഒട്ടുമിക്ക അന്തർദേശീയ മത്സരങ്ങളും നടന്നത് ഒമാന് പുറത്തായിരുന്നു. ഒമാനിൽ നടന്ന മത്സരങ്ങൾക്കാകട്ടെ കാണികളെ അനുവദിച്ചതുമില്ല.
ഏകദേശം മുപ്പതിനായിരം കാണികൾക്കാണ് സുൽത്താൻ സ്പോർട്സ് കോംപ്ലക്സിൽ ഇരിപ്പിട സൗകര്യമുള്ളത്. ഇതിൽ 30 ശതമാനം കാണികളെ മാത്രമാണ് ചൊവ്വാഴ്ചത്തെ മത്സരത്തിൽ അനുവദിക്കുക. കോവിഡ് വാക്സിെൻറ രണ്ട് ഡോസും എടുത്തവർക്കായിരിക്കും പ്രവേശനം. പരമാവധി 9000 കാണികൾക്കേ അവസരം ലഭിക്കൂവെന്നിരിക്കെ ഇതിെൻറ മൂന്നിരട്ടി കാണികളെങ്കിലും പ്രവേശനത്തിനായി ശ്രമിച്ചിട്ടുണ്ട്. എന്തായാലും നിർണായക മത്സരത്തിനിറങ്ങുന്ന ഒമാന് ഏറ്റവും ആത്മവിശ്വാസം പകരുന്ന ഘടകം സ്വന്തം കാണികൾതന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല. തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ കോച്ച് ബ്രൻകോ ഇവാനോവിക്ക് ഊന്നിപ്പറഞ്ഞതും ഇക്കാര്യമാണ്. സ്വന്തം ഗ്രൗണ്ടിൽ കാണികൾക്കു മുന്നിൽ കളിക്കുക എന്നത് ഏതൊരു ടീമിനും ആതമവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. എന്നാൽ, ഇപ്പോൾ തീർത്തും വ്യത്യസ്തമായ സാഹചര്യമാണ്. രണ്ടു വർഷത്തിനുശേഷം കാണികൾ സ്റ്റേഡിയത്തിൽ എത്തുമ്പോൾ അവരുടെ ആവേശം ഊഹിക്കാൻ കഴിയില്ല, അത്രക്ക് വലുതായിരിക്കും. അതേസമയം, ഏറ്റവും വെല്ലുവിളികൾ നേരിടുന്ന ഗ്രൂപ്പിലാണ് ഒമാൻ. ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ ഇവരൊക്കെ ലോകകപ്പ് കളിക്കുന്ന രാജ്യമാണ്. ഇവരെയൊക്കെ മറികടന്നുവേണം യോഗ്യത നേടാൻ. പത്തു മത്സരങ്ങളുള്ളതിൽ പകുതിയെങ്കിലും ജയിക്കണം. വെല്ലുവിളി മറികടന്നു മുന്നേറാൻ സാധിക്കും എന്നുതന്നെയാണ് വിശ്വാസമെന്ന് കോച്ച് ബ്രൻകോ ഇവാനോവിക്ക് പറഞ്ഞു. പരിക്കുണ്ടായിരുന്ന കളിക്കാരെല്ലാം അതിൽനിന്ന് മോചിതരായിട്ടുണ്ട്. എന്നാൽ, സൗദി അറേബ്യയെ ശക്തരായ എതിരാളികളായി തന്നെയാണ് കാണുന്നതെന്നും കോച്ച് ബ്രൻകോ ഇവാനോവിക്ക് പറഞ്ഞു.
മറുവശത്ത് സൗദിയും മികച്ച ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചത്. അതുകൊണ്ട് ഒമാനെ തോൽപിച്ച് മൂന്നു പോയൻറ്കൂടി നേടി ഗ്രൂപ്പിൽ ഒന്നാമതെത്തുക എന്നതായിരിക്കും സൗദിയുടെ ലക്ഷ്യം. ജപ്പാനെ അട്ടിമറിച്ച ഒമാൻ ശക്തരായ ടീമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ലോകകപ്പ് യോഗ്യത മത്സരമായതിനാൽ എല്ലാ ടീമുകളും ശക്തമായിതന്നെ പോരാടുമെന്നുറപ്പാണെന്ന് സൗദി അറേബ്യയുടെ കോച്ച് ഹെർവ് റെനാഡ് പറഞ്ഞു. ഗ്രൂപ്പിൽ ആസ്ട്രേലിയ, ഒമാൻ, സൗദി അറേബ്യ എന്നീ ടീമുകൾക്ക് മൂന്നുവീതം പോയൻറുണ്ട്. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ ചൈന ജപ്പാനെയും ആസ്ട്രേലിയ വിയറ്റ്നാമിനെയും നേരിടും. ഒമാെൻറ അടുത്ത ഹോം മാച്ച് ഒക്ടോബർ 12ന് വിയറ്റ്നാമിനെതിരെയാണ്.
താരമായി കോച്ച്
മസ്കത്ത്: തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിലെ യഥാർഥ താരം ബ്രൻകോ ഇവാനോവിക്കായിരുന്നു. ജപ്പാനെതിരെ ഒസാക്കയിൽ നേടിയ വിജയത്തിെൻറ ക്രെഡിറ്റ് മുഴുവൻ കോച്ച് ബ്രൻകോ ഇവാനോവിക്കിനാണ് നൽകിയത്. വാർത്തസമ്മേളന ഹാളിലേക്ക് വന്ന അദ്ദേഹത്തെ കൈയടികളോടെയാണ് ഒമാനിലെ വാർത്ത ലേഖകർ വരവേറ്റത്. കോച്ചുമായി സെൽഫിയെടുക്കാൻ ലേഖരുടെയടക്കം തിരക്കായിരുന്നു. ഒമാന് ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ആ യാത്രയിലേക്ക് ഒരുപാടു ദൂരമുണ്ടെന്നും കോച്ച് പറഞ്ഞു. നേരത്തേ ഒമാൻ കിരീടാവകാശിയും കായിക മന്ത്രിയുമായ സയ്യിദ് തെയാസിൻ ബിൻ ഹൈതം കോച്ചും കളിക്കാരുമായും കൂടിക്കാഴ്ച നടത്തി. ജപ്പാനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ ടീമിനെ അഭിനന്ദിച്ച അദ്ദേഹം ചൊവ്വാഴ്ചത്തെ മത്സരത്തിന് എല്ലാവിധ ആശംസകളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.