ഇന്ന് ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധക്കോട്ട തീർത്ത് ഒമാൻ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രകൃതിക്ക് കോട്ടം തട്ടുന്ന പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീർത്ത് വിജയക്കൊടി നാട്ടുകയാണ് സുൽത്താനേറ്റ്. ഇതിനകം പല സുപ്രധാന തീരുമാനങ്ങളിലൂടെ പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് സമ്പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കുമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിരോധനം നടപ്പാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഒമാൻ പരിസ്ഥിതി അതോറിറ്റിയും വാണിജ്യ വ്യവസായ മന്ത്രാലയവും ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സമിതിയുമാണ് ഇതു സംബന്ധമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. ഒമാനിൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം കഴിഞ്ഞ വർഷം മുതൽ വിജയകരമായി നടപ്പാക്കിയിരുന്നു. ഒറ്റ ഉപയോഗ ബാഗുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ രണ്ടും മൂന്ന് പ്രാവശ്യവും ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളാണ് മാർക്കറ്റിലുള്ളത്. ഇത് കാരണം നശിപ്പിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2021 ജനുവരിയിലാണ് ഒമാനിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധം ഏർപ്പെടുത്തിയത്. കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നീണ്ട സമയപരിധി നൽകിയ ശേഷമായിരുന്നു സർക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും കട്ടി കുറഞ്ഞ സഞ്ചികൾക്കാണ് നിരോധം നിലവിൽവന്നത്. 50 മൈക്രോണിന് താഴെ വരുന്ന സഞ്ചികൾക്ക് നിരോധനം നിലവിൽ വന്നതോടെ വ്യാപാരസ്ഥാപനങ്ങൾക്ക് നിലവിലെ സഞ്ചികൾ പൂർണമായി മാറ്റേണ്ടി വന്നിരുന്നു. ഇതോടെ ഉപഭോക്താക്കളിൽനിന്ന് വില ഈടാക്കിയാണ് സഞ്ചികൾ നൽകിയിരുന്നത്. ബഹുഭൂരിപക്ഷം ഹൈപർമാർക്കറ്റുകളും 50 ബൈസ സഞ്ചികൾക്ക് ഈടാക്കിയിരുന്നു. ഇത് കാരണം പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. എങ്കിലും ഉപഭോക്താക്കൾ സഞ്ചികൾ വില കൊടുത്ത് വാങ്ങുന്നതല്ലാതെ തുണിസഞ്ചികളും ചണസഞ്ചികളും അടക്കമുള്ള വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സഞ്ചികൾ ഉപയോഗിക്കുന്ന സംസ്കാരം നിലവിൽ വന്നിട്ടില്ല. ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ മത്സരം ശക്തമായതോടെ പല സ്ഥാപനങ്ങളും സൗജന്യമാണ് സഞ്ചികൾ നൽകുന്നത്.
രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നത് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഈ വർഷം ജനുവരി ഒന്ന് മുതൽ നിരോധിച്ചിട്ടുണ്ട്. തീരുമാനം ലംഘിച്ച് കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുകയാണെങ്കിൽ 1000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. നാം പുറന്തള്ളുന്ന പ്ലാസ്റ്റിക് സഞ്ചികൾ വെയിലേറ്റ് നശിക്കുന്നതോടെ വിഷ പദാർഥങ്ങളാണ് മണ്ണിലേക്ക് ലയിച്ച് ചേരുന്നതെന്നും, പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വിഷപ്പുക പുറന്തള്ളുകയും ചെയ്യുമെന്ന് പരിസ്ഥിതി അതോറിറ്റി (ഇ.എ) ഡിപ്പാർട്മെന്റ് ഓഫ് കെമിക്കൽ മെറ്റീരിയൽസ് ഡയറക്ടർ ഡോ. മുഹമ്മദ് മജീദ് അൽ കസ്ബി പറഞ്ഞു. ഓരോ വർഷവും ആഗോളതലത്തിൽ 400 മില്യൺ ടണ്ണിലധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. യുനൈറ്റഡ് നേഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ 1973 മുതലാണ് ജൂൺ അഞ്ച് പരിസ്ഥിതിദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ആചരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.