അന്താരാഷ്ട്ര സാക്ഷരത ദിനം ഇന്ന്; അടുത്ത വർഷത്തോടെ നിരക്ഷരത മുക്തമാക്കും
text_fieldsമസ്കത്ത്: അടുത്ത വർഷത്തോടെ മുതിർന്നവരുടെ നിരക്ഷരത പൂർണമായും ഇല്ലാതാക്കാൻ ഒമാൻ. 2022-2023 അധ്യയന വർഷത്തിൽ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിലെ സാക്ഷരത കേന്ദ്രങ്ങളിൽ പഠിതാക്കളായി മുതിർന്നവർ 2,623 പേരുണ്ട്. ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം 8,631 ആണ്.
സെപ്റ്റംബർ എട്ടിന് ‘അന്താരാഷ്ട്ര സാക്ഷരത ദിനം’ ആഘോഷിക്കാൻ യുനെസ്കോയും ലോകരാജ്യങ്ങളും ചേരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമാനിലെ നിരക്ഷരത നിരക്ക് 15 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 2.60 ആയി കുറഞ്ഞു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. നിരക്ഷരത നിർമാർജനം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ച തന്ത്രത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
അടുത്ത വർഷം അവസാനത്തോടെ സുൽത്താനേറ്റ് നിരക്ഷരത മുക്തമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്, 15 മുതൽ 44 വയസ്സുവരെ പ്രായത്തിലുള്ളവരുടെ നിരക്ഷരത തുടച്ചുനീക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
അധികാരികളിൽനിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മേൽപറഞ്ഞ പ്രായപരിധിയിലെ നിരക്ഷരരുടെ ശതമാനം 2023 അവസാനത്തോടെ (0.44%) എത്തിയിട്ടുണ്ട്. 2015ൽ ഇതേ വിഭാഗത്തിന്റെത് 2.2 ശതമാനമായിരുന്നു. നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള ഒരു ഗുണപരമായ നേട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. ഒമാൻ നിരക്ഷരത തുടച്ചുനീക്കുന്നതിന് ഏറ്റെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളും പരിപാടികളും ‘അന്താരാഷ്ട്ര സാക്ഷരത ദിനാഘോഷത്തിന്റെ ഭാഗമായി എടുത്തുകാണിക്കും. ‘പരിവർത്തനത്തിലുള്ള ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുന്നു: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങൾക്ക് അടിത്തറയുണ്ടാക്കുക’ എന്ന പ്രമേയത്തിലാണ് ഈ വർഷം അന്താരാഷ്ട്ര സാക്ഷരത ദിനം ആചരിക്കുന്നത്. 1973-1974 അധ്യയന വർഷം മുതൽ, എല്ലാത്തരം നിരക്ഷരതയും പരിമിതപ്പെടുത്താനും ഒടുവിൽ ഇല്ലാതാക്കാനും സുൽത്താനേറ്റ് കഠിനമായി പരിശ്രമിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.