'ഫുൾ' ജന്റീന...; ഒമാനിലെ ഫാൻ സോണുകളിൽ ഫുട്ബാൾ ആവേശം അണപൊട്ടി
text_fieldsമസ്കത്ത്: അർജൻറീന, അർജൻറീന, അർജൻറീന... എല്ലായിടത്തും അർജൻറീന മാത്രം. കളം നിറയെ, ആരാധകരുടെ മനം നിറയെ 'ഫുൾ'ജൻറീനയായിരുന്നു ഇന്നലെ. മിശിഹയും മാലാഖയുമൊരുക്കിയ വിജയം ആരാധകർക്ക് അർജൻറീന നൽകിയ ക്രിസ്മസ്-പുതുവത്സര സമ്മാനമായി. പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ഇഷ്ടനായകൻ കിരീടമുയർത്തിയപ്പോൾ അർജൻറീന ആരാധകർ അക്ഷരാർഥത്തിൽ ആറാടി.
കലാശപ്പോരിന്റെ ലഹരി ഖത്തറും കടന്നൊഴുകിയപ്പോൾ മസ്കത്തിലും ഒമാനിന്റെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിന് ലുസൈൽ സ്റ്റേഡിയങ്ങളാണ് പുനഃസൃഷ്ടിക്കപ്പെട്ടത്. ഖത്തറിന്റെ അതേ ഉന്മാദത്തിലാണ് ഒമാനും ഫുട്ബാൾ മാനിയയെ ഏറ്റെടുത്തത്. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ ഒഴുകിയെത്തിയ ഫാൻ സോണുകളിൽ ഫൈനലിന്റെ ആവേശം അണപൊട്ടി. ജയമുറപ്പിച്ച മട്ടിലാണ് അർജന്റീന ആരാധകർ ഫാൻ സോണുകളിലേക്ക് എത്തിയത്. എങ്ങും നീലയും വെള്ളയും ഇടകലർന്ന ജഴ്സിയണിഞ്ഞവർ മാത്രം. തുടക്കം മുതൽ അർജൻറീന ആധിപത്യം പുലർത്തി കളിച്ചതിനാൽ ആദ്യ പകുതിയിൽ മുഴങ്ങിയത് 'മെസ്സി, മെസ്സി' വിളികളും താളത്തിലുള്ള 'വാമോസ് അർജന്റീന' ആവേശാരവവുമായിരുന്നു. മെസി ആദ്യ ഗോൾ നേടിയപ്പോൾ തന്നെ ലോകകപ്പ് നേടിയ ആഹ്ലാദത്തിലായിരുന്നു ആരാധകർ. രണ്ടാം ഗോൾ നേടി ഡി മരിയ ലീഡുയർത്തിയപ്പോൾ ആവേശം പാരമ്യത്തിലെത്തി. രണ്ടാം പകുതിയിൽ എംബാപേയുടെ ഗോളുകളിലൂടെ ഫ്രാൻസ് സമനില പിടിച്ചതോടെയാണ് എതിർപക്ഷം ഇളകിയാടിയത്. അധികസമയത്തും മെസി ഗോൾ നേടിയത് ഫാൻസോണുകളെ ഇളക്കിമറിച്ചു. പക്ഷേ, അപ്പോഴും കളി സമനിലയിലായപ്പോൾ അർജൻറീന ആരാധകരുടെ പ്രതീക്ഷയെല്ലാം ഗോളി മാർട്ടിനസിലായി. ആ പ്രതീക്ഷ സഫലമാകുകയും ചെയ്തു. മസ്കത്ത്, സുഹാർ, സലാല, സൂർ തുടങ്ങി രാജ്യത്തിന്റെ ചെറുതും വലുതുമായ സ്ഥലങ്ങളിൽ നിരവധി ഫാൻസ് സോണുകളിൽ ആയിരക്കണക്കിന് ആളുകളാണ് മത്സരങ്ങൾ കാണാനെത്തിയത്. ഫാൻസ് സോണുകളിൽ കൂടുതൽ ആളുകൾ എത്തുമെന്നിഞ്ഞ് പലയിടത്തും മികച്ച മുന്നൊരുക്കങ്ങളാണ് സംഘാടകർ നടത്തിയത്.
പലയിടത്തും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റ് തീർന്നിരുന്നു. വൈകുന്നേരത്തോടെ തെരുവുകൾ ഏതാണ്ട് വിജനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.