യമൻ സമാധാന ചർച്ചകൾക്ക് പുതുജീവൻ; യു.എൻ പ്രതിനിധി മസ്കത്തിൽ
text_fieldsമസ്കത്ത്: നാളുകളുടെ ഇടവേളക്കുശേഷം യമൻ സമാധാന ചർച്ചകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. ചർച്ചകളുടെ ഭാഗമായി യമനിലേക്കുള്ള െഎക്യരാഷ്ട്ര സഭയുടെ പ്രതിനിധി ഇസ്മാഇൗൽ വലദുശൈഖ് മസ്കത്തിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുമായി യു.എൻ പ്രതിനിധി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസങ്ങളിൽ ഏദനിലെത്തി യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദിയുമായും സംഘർഷത്തിൽ ഉൾപ്പെട്ട മറ്റു കക്ഷികളുടെ നേതാക്കളുമായും യു.എൻ പ്രതിനിധി ചർച്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യൂസുഫ് ബിൻ അലവിയുമായുള്ള കൂടികാഴ്ച ഏറെ ശുഭസൂചനകളുയർത്തുന്നതായിരുന്നെന്ന് ഇസ്മാഇൗൽ വലദുശൈഖ് ട്വിറ്ററിൽ കുറിച്ചു. യമനിൽ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകത വിദേശകാര്യമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഇതിനായുള്ള െഎക്യരാഷ്ട്ര സഭയുടെ ശ്രമങ്ങൾക്ക് ഒമാെൻറ എല്ലാവിധ പിന്തുണയും യൂസുഫ് ബിൻ അലവി വാഗ്ദാനം ചെയ്തതായി യു.എൻ പ്രതിനിധി പറഞ്ഞു. രണ്ടാഴ്ചയോളം നീളുന്ന വിവിധ കൂടികാഴ്ചകളിലൂടെ യമനിലെ ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുവൈത്തിെൻറ മധ്യസ്ഥതയിലാണ് ഏറ്റവും ഒടുവിൽ സമാധാന ചർച്ചകൾ നടത്തിവന്നിരുന്നത്. ഹൂതികളും മുൻ പ്രസിഡൻറ് അബ്ദുല്ല അൽ സാലിഹിനെ പിന്തുണക്കുന്നവരും ചേർന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതിെൻറ ഫലമായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇൗ ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതിന് ശേഷം കാര്യമായ സമാധാന ശ്രമങ്ങൾ നടന്നിരുന്നില്ല. കഴിഞ്ഞ നാളുകളിലായി രൂക്ഷമായ പോരാട്ടവും ആക്രമണവും യമെൻറ വിവിധ ഭാഗങ്ങളിലായി നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ, റമദാന് മുമ്പ് വെടിനിർത്തൽ നടപ്പാക്കുന്നതിെൻറ ആലോചനക്കായി സൻആയിലെത്തിയ ഇസ്മാഇൗൽ വലദുശൈഖും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതും സമാധാന ശ്രമങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം മൂന്നാം കക്ഷിക്ക് കൈമാറുന്നതാകും പുതിയ സമാധാന ചർച്ചകളിലെ പ്രധാന വിഷയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽനിന്നുള്ള ആയുധക്കടത്തിന് തുറമുഖം ഉപയോഗിക്കുന്ന ഹൂതികൾ ജീവകാരുണ്യപ്രവർത്തനത്തിന് എത്തിക്കുന്ന ഭക്ഷണവും മരുന്നുകളും കൊള്ളയടിക്കുന്നതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
ഹുദൈദ തുറമുഖത്തിെൻറ മോചനമായിരിക്കും സഖ്യസേനയുടെ അടുത്ത ദൗത്യമെന്ന വാർത്തകൾക്കിടയിലാണ് െഎക്യരാഷ്ട്ര സഭയുടെ പുതിയ സമാധാന നീക്കം. തുറമുഖം മൂന്നാം കക്ഷിക്ക് കൈമാറിയ ശേഷം െഎക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയെന്ന നിർദേശമാകും മുന്നിൽ വെക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ മുടങ്ങിക്കിടക്കുന്ന ജീവനക്കാർക്കുള്ള ശമ്പളവിതരണം പുനരാരംഭിക്കുന്നതും ചർച്ചയിൽ വിഷയമായേക്കും. യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദും ഒമാനും തുടക്ക മുതൽക്കേ പരിശ്രമിച്ചുവരുകയാണ്. യമൻ പ്രശ്നത്തിൽ ഉൾപ്പെട്ട എല്ലാ പാർട്ടികളെയും ഒരുമിച്ചിരുത്തിയുള്ള നിരവധി ചർച്ചകൾക്ക് മസ്കത്ത് ആതിഥ്യം വഹിച്ചു. ജനീവയിലും കുവൈത്തിലും നടന്ന ചർച്ചകളിലും ഒമാൻ ക്രിയാത്മക പങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.