യമൻ സമാധാന ചർച്ചകൾക്ക് ഒമാനിൽ വേദിയൊരുക്കും
text_fieldsമസ്കത്ത്: യമനിൽ മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ തല ചർച്ചകൾക്ക് ഒമാനിൽ വേദിയൊരുക്കും. യമന് വേണ്ടിയുള്ള െഎക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഇസ്മയിൽ വലദുശൈഖിനെ ഉദ്ധരിച്ച് കുവൈത്ത് ഒൗദ്യോഗിക വാർത്തഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇസ്മയിൽ വലദുശൈഖ് പ്രത്യേകപ്രതിനിധിസ്ഥാനം ഇൗ മാസം അവസാനത്തോടെ ഒഴിയുകയാണ്. ബ്രിട്ടനിൽനിന്നുള്ള മാർട്ടിൻ ഗ്രിഫിത്ത് ആണ് പുതിയ പ്രതിനിധി. പുതിയ പ്രതിനിധി സ്ഥാനമേറ്റ് അധികം വൈകാതെ ഹൂതി സായുധ ഗ്രൂപ്പിെൻറയും ജനറൽ പീപ്ൾസ് കോൺഗ്രസ് പാർട്ടിയുടെയും പ്രതിനിധികൾ തമ്മിലെ ചർച്ചക്ക് അവസരമൊരുക്കുമെന്ന് ഇസ്മയിൽ വലദുശൈഖ് പറഞ്ഞു.
ആഭ്യന്തരസംഘർഷത്തിൽ ഉൾപ്പെട്ട മറ്റ് കക്ഷികളെ ചർച്ചയിൽ ഉൾക്കൊള്ളിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന യമൻ ഏറ്റവും വലിയ മാനുഷികദുരന്തത്തിെൻറ വക്കിലാണ്. ഒരു ദശലക്ഷത്തോളം യമനികൾ കോളറയുടെ പിടിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമനിൽ സമാധാനം ഉറപ്പാക്കാൻ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നേതൃത്വത്തിൽ ഒമാൻ നടത്തിയ ഇടപെടലുകളെ കഴിഞ്ഞദിവസം ഒമാൻ വാർത്തഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇസ്മയിൽ വലദുശൈഖ് പ്രശംസിച്ചിരുന്നു.
മിതവാദി എന്ന നിലയിലുള്ള ഒമാെൻറ നയതന്ത്ര ഇടപെടലുകൾ മേഖലയെ സംബന്ധിച്ച് സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എല്ലാവരോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കാൻ ഒമാൻ ശ്രദ്ധിക്കാറുണ്ട്. അറബ്ലോകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പക്ഷംപിടിക്കാതെയുള്ള ഉറച്ച നിലപാടുകളാണ് ഒമാൻ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇസ്മയിൽ വലദുശൈഖ് അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തിൽ പരിക്കേറ്റവർക്ക് ചികിത്സസൗകര്യമൊരുക്കി ഒമാൻ തങ്ങളുടെ മാനുഷികമുഖം വ്യക്തമാക്കി. യമനിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനും സുൽത്താനേറ്റ് എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ടെന്നും യു.എൻ പ്രതിനിധി അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.