യാങ്കുൾ മത്സ്യ മാർക്കറ്റ് നിർമാണം അവസാന ഘട്ടത്തിൽ
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ യാങ്കുൾ വിലായത്തിലെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. 90 ശതമാനത്തിലധികം പൂർത്തിയായതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ വർഷാവസാനത്തോടെ പദ്ധതിയുടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഒമാൻ ഓയിൽ ഡെവലപ്മെന്റ് കമ്പനിയുടെ ധനസഹായത്തോടെയുള്ള പദ്ധതി ഈ വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഫിഷ് മാർക്കറ്റ് സൂപ്പർവൈസർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ അലാവി പറഞ്ഞു.
ഈ സൗകര്യം മത്സ്യ വിപണന മേഖലയെ ഉത്തേജിപ്പിക്കുകയും പ്രദേശവാസികൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1,366 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ മാർക്കറ്റിൽ മത്സ്യം വിൽക്കുന്നതിനുള്ള 24 പ്ലാറ്റ്ഫോമുകൾ, മത്സ്യം മുറിക്കുന്നതിനുള്ള 12 മേശകൾ, മൊത്ത വിൽപനക്കുള്ള ഒരു ഹാൾ, അഞ്ച് ടൺ വരെ ഉൽപ്പാദന ശേഷിയുള്ള ഐസ് നിർമാണ യൂനിറ്റ് എന്നിവയുമുണ്ട്.
ഒരു കോൾഡ് സ്റ്റോറേജ്, മത്സ്യം ഇറക്കുന്നതിനും കയറ്റുന്നതിനും ഒരു പ്ലാറ്റ്ഫോം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, ഒരു കഫേ, വസ്ത്രം മാറുന്ന മുറികൾ, വിവിധ ആധുനിക സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒമാനി ബിസിനസ് ഉടമകൾക്കും സംരംഭകർക്കും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ വാഗ് ദാനം ചെയ്യുന്ന മാർക്കറ്റിൽ ഏകദേശം 1,300 ചതുരശ്ര മീറ്റർ നിക്ഷേപ മേഖലയും ഉൾപ്പെടുന്നുവെന്ന് അലാവി അഭിപ്രായപ്പെട്ടു. പുതിയ യാങ്കുൾ മാർക്കറ്റ് ചുറ്റുമുള്ള ഗ്രാമങ്ങൾക്കും സമീപത്തെ വിലായത്തുകൾക്കും പ്രധാന ലക്ഷ്യസ്ഥാനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.