വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഉള്ളതാണെന്ന ബോധ്യം വേണം
text_fieldsകേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചൂടിൽ അമർന്നിരിക്കുന്നു. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മുക്കുമൂലകൾ സ്ഥാനാർഥികളുടെ വിഹാര കേന്ദ്രങ്ങളാണ്. വോട്ട് നേടാനുള്ള പതിനെട്ടടവും പയറ്റി പുഞ്ചിരിച്ചും സ്നേഹം പങ്കുവെച്ചും പാട്ടുപാടിയും സാധാരണക്കാർക്കിടയിൽ അവർ സജീവമാണ്. നാടിെൻറ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വലിയ വാഗ്ദാനങ്ങൾ നൽകാൻ ഓരോരുത്തരും വലിയ ആവേശം കാണിക്കും.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്നാണ് ഗാന്ധിജി പറഞ്ഞത്. ഗ്രാമീണ മേഖലകളെ കൈപിടിച്ചുയർത്താൻ അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ തയാറായാൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും എന്നത് യാഥാർഥ്യമാണ്. അതിന് വളരെ സഹായകമായ സംവിധാനമാണ് നമ്മുടെ പഞ്ചായത്ത് സംവിധാനങ്ങൾ എന്നതിൽ സംശയമില്ല.
നാടിനെ ഏറ്റവും അടുത്തറിയുന്നവരായിരിക്കും തദ്ദേശ ഭരണ സംവിധാനങ്ങളിൽ പഞ്ചായത്തുകളിൽ അധികാരത്തിലേറുക. അതിനാൽ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹരിക്കാനും അവർക്ക് കൂടുതൽ സാധിക്കും. അതിനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ തന്നെ എമ്പാടുമുണ്ട് താനും. എങ്കിലും പരിഹരിക്കപ്പെടേണ്ടതായ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ ശ്രമിക്കാതെ ജനപ്രതിനിധികളായി വാഴുന്നവർ കക്ഷിഭേദമില്ലാതെ ഇന്നും നമ്മുടെ നാട്ടിലുണ്ട് എന്നത് അവിതർക്കിതമാണ്.
രാഷ്ട്രീയക്കാർക്ക് ജയ് വിളിക്കാൻ നടക്കുന്ന സാധാരണക്കാരായ പ്രവർത്തകർ പോലും അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്നതും സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു കൂര പോലുമില്ലാതെ കഴിയുന്നതുമെല്ലാം നാം ഇടക്കിടെ കാണാറുണ്ട്. പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയാവുമ്പോഴാണ് പല പ്രവർത്തകരുടെയും ദൈന്യത നേതാക്കൾ പോലും അറിയുന്നത്. സമൃദ്ധിയിൽ കഴിയുന്ന നമുക്കിടയിൽ തന്നെ കഷ്ടതയനുഭവിക്കുന്ന ഒട്ടേറെ പേരുണ്ട് എന്നത് നാം നിഷേധിച്ചിട്ട് കാര്യമില്ല. കണ്ടിട്ടും കാണാത്തപോലെ നടിച്ച് അത്തരക്കാർ അവഗണിക്കപ്പെടുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ കൂടുതൽ ആഴമേറിയതാവും എന്ന് ഭരണത്തിലേറുന്നവർ തിരിച്ചറിയണം.
നൽകുന്ന വാഗ്ദാനങ്ങൾ തനിക്ക് ജയിക്കാൻ മാത്രമുള്ളതല്ലെന്നും നടപ്പാക്കാൻ കൂടിയുള്ളതാണെന്നും തിരിച്ചറിയാൻ ജനപ്രതിനിധികൾ തയാറാകേണ്ടിയിരിക്കുന്നു. വോട്ടർമാർ തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിനൊത്ത് പ്രവർത്തിക്കാൻ ജനപ്രതിനിധികൾ സന്നദ്ധരായാൽ കൂടുതൽ വിയർപ്പൊഴുക്കാതെ ജനസേവനരംഗത്ത് തുടർന്നും മുന്നോട്ട് പോവാൻ അവർക്ക് സാധിക്കും. ജനസേവനമാവട്ടെ നമ്മുടെ രാഷ്ട്രീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.