യൂത്ത് സെന്റർ പദ്ധതി: യുവജന മന്ത്രാലയം ആറ് കരാറുകളിൽ ഒപ്പുെവച്ചു
text_fieldsമസ്കത്ത്: യൂത്ത് സെന്റർ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാനായി പൈതൃക, കായിക, യുവജന മന്ത്രാലയം ആറ് കരാറുകളിൽ ഒപ്പുെവച്ചു. നിരവധി സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുമായി സ്പോർട്സ് ആൻഡ് യൂത്ത് അണ്ടർസെക്രട്ടറി ബേസിൽ അൽ റവാസ് ആണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അടുത്തവർഷം ആദ്യ പകുതിയോടെ സെന്റർ തുറക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി യുവജന സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പരിപാടികളും സംരംഭങ്ങളും ആരംഭിക്കാനും സെന്ററിെൻറ സ്ഥാപനത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. യുവാക്കൾക്കായി ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിനായി ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയുമായി മന്ത്രാലയം പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു.
തന്ത്രപരമായ പങ്കാളിത്ത കരാർ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ, ഓക്സിഡന്റൽ ഒമാൻ എന്നിവയുമായി മന്ത്രാലയം ഒപ്പിട്ടുണ്ട്. സ്വയം തൊഴിൽ മേഖലയിൽ യുവാക്കളെ പിന്തുണക്കാനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിക്കുക, കേന്ദ്രത്തിെൻറ പ്രവർത്തനങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും കമ്പനിയുടെ അറിവും അനുഭവങ്ങളും യുവാക്കൾക്ക് കൈമാറുക, ഒരു ശുദ്ധ ഊർജ ലബോറട്ടറി സ്ഥാപിക്കുക എന്നിവയാണ് കരാറുകളിലൂടെ ലക്ഷ്യംവെക്കുന്നത്. ഒമാനി ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗ്രൂപ്പുമായി സാങ്കേതിക പങ്കാളിത്ത കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിെൻറ സാങ്കേതിക സംവിധാനം വികസിപ്പിക്കാനും ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും കേന്ദ്രത്തിലെ യുവാക്കൾക്ക് നൽകാനും മറ്റും കരാർകൊണ്ട് ഉദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.