സുഹാർ ബദർ അൽ സമയിൽ കാത്ത് ലാബ്
text_fieldsമസ്കത്ത്: ബാത്തിന ഗവർണറേറ്റിലെ ഹൃദ്രോഗികൾക്ക് വിപുലമായ ചികിത്സ നൽകുന്നതിനായി സുഹാറിലെ ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് പോളിക്ലിനിക്കിൽ ജി.ഇ ഒപ്റ്റിമ കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി (കാത്ത് ലാബ്) ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ സുഹാർ വാലി മുഹമ്മദ് അബ്ദുല്ല അലി അൽ ബുസൈദി മുഖ്യാതിഥിയായി. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറാസത്ത് ഹസ്സൻ, സി.ഇ.ഒ പി.ടി. സമീർ, സി.ഒ.ഒ ജേക്കബ് ഉമ്മൻ, ഇന്റർവെൻഷനൽ കാർഡിയോളജി കൺസൾട്ടന്റ് ഡോ. കമാൽ പാഷ, റീജനൽ ഹെഡ് മനോജ് കുമാർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. ഹൃദയസംബന്ധമായ കാര്യങ്ങളിൽ മികച്ച സേവനം നൽകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. വടക്കൻ ബത്തിന ഗവർണറേറ്റിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിലെ ഇത്തരം സാങ്കേതിക മുന്നേറ്റങ്ങൾ ജനങ്ങൾക്ക് പലവിധത്തിൽ പ്രയോജനം ചെയ്യുമെന്ന് മുഹമ്മദ് അബ്ദുല്ല അലി അൽ ബുസൈദി പറഞ്ഞു. സേവനങ്ങൾ തുടർച്ചയായി നവീകരിക്കുന്നതിലും അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലും ബദർ അൽ സമാ മാനേജ്മെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഒമാനിലെ സ്വകാര്യ ആരോഗ്യ സംരക്ഷണം ആഗോള നിലവാരത്തിലേക്ക് എത്തിക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ ലോഞ്ച് എന്ന് ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വൈകാതെ സുഹാറിലെ ബദർ അൽ സമാ ആശുപത്രിയിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർക്കുമെന്നും ഇരുവരും പറഞ്ഞു. ഹൃദ്രോഗികൾക്ക് അർഹമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വിപുലമായ കാത്ത് ലാബ് ഒരുക്കിയിരിക്കുന്നതെന്ന് ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാലും ഫിറസത്ത് ഹസനും പറഞ്ഞു. കാത്ത് ലാബ് കാർഡിയോളജിയിലെ രോഗനിർണയത്തിന്റെയും ചികിത്സ നടപടിക്രമങ്ങളുടെയും സമഗ്രമായ ഒരുനിര വാഗ്ദാനം ചെയ്യുമെന്ന് ഡോ. കമാൽ പാഷ പറഞ്ഞു. കാത്ത് ലാബിന് അത്യാധുനിക ഇമേജിങ് സംവിധാനമുണ്ട്. ഇത് ഹൃദയസംബന്ധമായ സിസ്റ്റത്തിന്റെ സങ്കീർണമായ വിശദാംശങ്ങൾ ദൃശ്യവത്കരിക്കാൻ കാർഡിയോളജിസ്റ്റുകളെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.