യുദ്ധഭൂമിയിലെ ബാല്യങ്ങൾക്ക് സന്തോഷ കാർണിവലുമായി ഖത്തർ ടൂറിസം
text_fieldsദോഹ: പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടും വീടും നാടും തകർന്നടിഞ്ഞും ശരീരത്തിനും മനസ്സിനും മുറിവേറ്റും ദുരിതത്തിലായ ഫലസ്തീൻ കുട്ടികൾക്കായി കരുതലിന്റെ കരങ്ങളൊരുക്കി ഖത്തർ ടൂറിസം. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി ദോഹയിലെത്തിയ ഗസ്സയിൽ നിന്നുള്ള കുട്ടികൾക്കാണ് കളിയും വിനോദവുമായി ഖത്തർ ടൂറിസം സംഗമം ഒരുക്കിയത്. പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. ഓർഫർ കെയർ സെന്ററുമായി (ഡ്രീമ) സഹകരിച്ച് അൽ തുമാമ കോംപ്ലക്സിലെ ഔട്ട്ഡോർ സ്റ്റേഡിയത്തിലാണ് ഗസ്സ ബഡ്സ് കാർണിവൽ എന്ന തലക്കെട്ടിൽ ഖത്തർ ടൂറിസത്തിന്റെ പരിപാടികൾ സംഘടിപ്പിച്ചത്.
വിവിധ കായിക, വിനോദ പരിപാടികളിലൂടെ കുട്ടികളുടെ മാനസികാരോഗ്യ ആവശ്യങ്ങൾ നിറവേറ്റുകയും അവർക്ക് സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ പകർന്ന് നൽകുകയുമാണ് കാർണിവലിലൂടെ സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും പൊതു-സ്വകാര്യ അധികാരികളുമായി സഹകരിച്ച് വിവിധ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലും ഖത്തർ ടൂറിസം വളരെയധികം ശ്രദ്ധയും പ്രാധാന്യവും നൽകുന്നതായും ഗസ്സ ബഡ്സ് കാർണിവൽ അത്തരം പങ്കാളിത്തത്തിൽ നിന്നുള്ള മികച്ച സംരംഭമാണെന്നും ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കുട്ടികൾക്കായി ഗെയിമുകൾ, കളറിങ്, ഫെയ്സ് പെയിന്റിങ് എന്നിവയും മറ്റു വിനോദ പരിപാടികളും ആക്ടിവിറ്റികളുമായി പാൻ-അറബ് ടെലിവിഷൻ ചാനലായ സ്പേസ്ടൂണും ഗസ്സ ബഡ്സ് കാർണിവലിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.