ഗസ്സയിലേക്ക് 10 കോടി ഡോളർ അധിക സഹായം
text_fieldsദോഹ: ഗസ്സയിലെ മാനുഷിക പ്രതിസന്ധി നേരിടുന്നതിന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) 10 കോടി ഡോളർ അധിക സഹായം പ്രഖ്യാപിച്ച് ഖത്തർ.
ന്യൂയോർക്കിൽ നടന്ന 79ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയോടനുബന്ധിച്ച് യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ നൽകുന്ന പ്രധാന പങ്കാളികൾക്കായുള്ള മന്ത്രിതലയോഗത്തിലാണ് ഖത്തറിന്റെ പ്രഖ്യാപനം. യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ പങ്കെടുത്തു.
ഇസ്രായേലിന്റെ നടപടികൾക്കിടയിൽ ഗസ്സയിലെ പ്രധാന ദുരിതാശ്വാസ ദാതാവ് എന്ന നിലയിൽ യു.എൻ ഏജൻസിയെ പിന്തുണക്കുന്നതിന് അന്താരാഷ്ട്രലോകം ഐക്യപ്പെടണമെന്ന് യോഗത്തിൽ ലുൽവ അൽ ഖാതിർ ആഹ്വാനം ചെയ്തു.
ഫലസ്തീൻ അഭയാർഥികൾക്ക് സഹായമെത്തിക്കുന്നു എന്ന കാരണത്താൽ മാത്രം യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ തള്ളിക്കളയുന്ന ഖത്തറിന്റെ നിലപാട് ചൂണ്ടിക്കാട്ടി, ഏജൻസിയിൽ ഒപ്പുവെച്ച ആദ്യ രാജ്യമെന്ന നിലയിൽ ഖത്തറിന് ഏറെ അഭിമാനമുണ്ടെന്നും ഇസ്രായേൽ തീരുമാനം അങ്ങേയറ്റം അപകടകരമാണെന്നും അനിയന്ത്രിതമായ തിന്മയുടെ തുടക്കമാണെന്നും അവർ വിശദീകരിച്ചു.
യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സംഭാവനകൾ തുടർച്ചയായി വർധിപ്പിക്കുന്ന ഖത്തർ, 2018ൽ ഏജൻസിയുമായി ബഹുവർഷ കരാറിൽ ഒപ്പുവെക്കുന്ന ആദ്യ രാജ്യവുമായി മാറി. ഏജൻസിയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നത് ഖത്തർ തുടരുമെന്നും, നിലവിലെ ഗസ്സ പ്രതിസന്ധിയിൽ ഈ യോഗത്തിന് പ്രാധാന്യമേറെയാണെന്നും, ഗസ്സയിലെ ആക്രമണങ്ങൾക്ക് പുറമേ വെസ്റ്റ്ബാങ്കിലെ സൈനിക നടപടിയും ലബനാന് നേരെയുള്ള ആക്രമണങ്ങളും നാം കാണാതെ പോകരുതെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.