തർശീദിലൂടെ കുറച്ചത് 12 ലക്ഷം ടൺ കാർബൺ പ്രസരണം
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി, ആൻഡ് വാട്ടർ കോർപറേഷനായ ‘കഹ്റാമ’യുടെ ദേശീയ ഊർജ കാര്യക്ഷമത പദ്ധതിയായ തർശീദിലൂടെ ഈ വർഷം കുറച്ചത് 12 ലക്ഷം ടൺ കാർബൺ ബഹിർഗമനം. അതോടൊപ്പം 840 ദശലക്ഷം റിയാൽ ലാഭിക്കാനും സാധിച്ചതായി കഹ്റാമ അറിയിച്ചു.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള കഹ്റാമയുടെ പദ്ധതിയാണ് തർശീദ്. തർശീദ് പരിപാടിയിലൂടെ വലിയ തോതിൽ കാർബൺ പുറന്തള്ളൽ കുറക്കാനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും സാധിച്ചതായി കഹ്റാമയിലെ കൺസർവേഷൻ ആൻഡ് എനർജി എഫിഷൻസി വിഭാഗം തലവൻ എൻജി. റാഷിദ് അൽ റഹീമി പറഞ്ഞു.
ദോഹയിൽ തർശീദ് എനർജി ആൻഡ് വാട്ടർ എഫിഷൻസി ഫോറം ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരതയെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് വൈദ്യുതിയുടെയും ജലത്തിന്റെയും ഉപഭോഗം യുക്തിസഹമാക്കുന്നതിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി കഹ്റാമ സംഘടിപ്പിച്ച ഫോറം രണ്ട് ദിവസം നീണ്ടു.
കഹ്റാമ പ്രസിഡൻറ് എൻജി. ഇസ്സ ബിൻ ഹിലാൽ അൽ കുവാരി അടക്കം മുതിർന്ന വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജലക്ഷമത കൈവരിക്കുന്നതിനായി ഗൾഫ് വാട്ടർ യൂട്ടിലിറ്റി സ്പെസിഫിക്കേഷനുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഖത്തറിന്റെ പുനരുപയോഗ ഊർജനയം ആരംഭിച്ചതായും റാഷിദ് അൽ റഹീമി പറഞ്ഞു.
ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള കരട് ജല നിയമത്തിനും കേന്ദ്രീകൃത ശീതീകരണ സേവനങ്ങൾ നിയന്ത്രിക്കുന്ന കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. തലമുറകൾക്ക് മാതൃകാപരമായ ഒരു സുസ്ഥിര സംസ്കാരം നൽകുന്നതിന് എല്ലാ മേഖലകളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും, സുസ്ഥിരതയെന്നത് ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിലും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
തർശീദിന് കീഴിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ഫോറം ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.