ലോകകപ്പിന് 12 ലക്ഷം സന്ദർശകർ
text_fieldsദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിൽ ഖത്തർ പ്രതീക്ഷിക്കുന്നത് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി 12 ലക്ഷം കാണികളെ. 2022 നവംബർ 21ന് കിക്കോഫ് കുറിച്ച് ഡിസംബർ 18ന് സമാപിക്കുന്ന ലോകകപ്പിൽ സന്ദർശകരും കാണികളുമായി ലോകത്തിൻെറ വിവിധ കോണിൽ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേൽക്കാനായി ഹോട്ടലുകളും അതിനൂതനമായ പാർപ്പിട സംവിധാനങ്ങളുമായി ഖത്തർ സജ്ജമാവുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിക്കേഷൻ മേധാവി ഫാതിമ അൽ നുഐമി പറഞ്ഞു. ഒരേ സമയമാവില്ല ഇത്രയും പേർ രാജ്യത്തെത്തുന്നത്. ലോകകപ്പിൻെറ 28 ദിവസങ്ങളിലായി 12 ലക്ഷത്തിൽ ഏറെപേർ രാജ്യത്ത് സന്ദർശകരായി വരുമെന്നാണ് പ്രതീക്ഷ
ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തർ ചെറിയ രാജ്യത്തിൻെറ പരിധിയിൽ നിന്നുകൊണ്ട് വൈവിധ്യമാർ ന്ന സജ്ജീകരണങ്ങളോടെയാണ് 12 ലക്ഷം കാണികളെ സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായ രീതിയിലെ ഹോട്ടൽ താമസ സൗകര്യങ്ങൾക്കു പുറമെ, ക്രൂയിസ് കപ്പലുകൾ, ഫാൻ വില്ലേജുകൾ, മരുഭൂമികളിൽ ഒരുക്കുന്ന തമ്പുകൾ, സ്വദേശികളുടേത് ഉൾപ്പെടെയുള്ള വീടുകൾ തുടങ്ങിയ വേറിട്ട സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. 1600 റൂമുകളുമായി 16 േഫ്ലാട്ടിങ് ഹോട്ടലുകളാണ് ലോകകപ്പിൻെറ ഭാഗമായി തയാറാക്കുന്നത്. ഇതിനു പുറമെയാണ് 'ഹോസ്റ്റ് എ ഫാൻ' എന്ന പദ്ധതിയുമായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്തെത്തിയത്. രജിസ്റ്റർ ചെയ്ത സ്വദേശികൾക്ക് സ്വന്തം വീട്ടിൽ കാണികളെ സ്വീകരിക്കുന്നതാണ് 'ഹോസ്റ്റ് എ ഫാൻ' പദ്ധതി. ഇതുവഴി ഖത്തറിൻെറ സംസ്കാരവും പാരമ്പര്യവും വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് പരിചയപ്പെടുത്താമെന്നാണ് കണക്കൂകൂട്ടൽ.
'ആതിഥേയത്വത്തിന് പ്രാധാന്യം നൽകുന്നവരാണ് ഞങ്ങൾ. ഈ പാരമ്പര്യം ലോകകപ്പിൽ ഏറ്റവും മനോഹരമായിതന്നെ ഉപയോഗപ്പെടുത്തും' -ഫാതിമ നുഐമി പറഞ്ഞു.
ലോകകപ്പിനും മുമ്പും ശേഷവുമായി ആകെ 15 ലക്ഷം പേരെ രാജ്യം പ്രതീക്ഷിക്കുന്നതായാണ് ഖത്തർ നേരത്തേ വ്യക്തമാക്കിയത്. മദ്യം ഖത്തറിൻെറ സംസ്കാരത്തിൻെറ ഭാഗമല്ല. എന്നാൽ, വിദേശങ്ങളിൽനിന്നെത്തുന്നവർക്കായി പ്രത്യേകം മേഖലകളിൽ ലഭ്യമാവുമെന്ന് എ.എഫ്.പിക്കു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ലോകകപ്പിലേക്ക് ഒരു വർഷത്തിലേറെ ഇനിയും സമയമുണ്ടെങ്കിലും എട്ടിൽ ആറു വേദികളും ഖത്തർ പൂർത്തിയാക്കിക്കഴിഞ്ഞു. ആറാമത്തെ സ്റ്റേഡിയമായ അൽ തുമാമ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. റാസ് അബൂ അബൂദും, അൽ ബെയ്തും നവംബറിൽ ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ ഉദ്ഘാടനം ചെയ്യപ്പെടും.
'ലോകകപ്പിൻെറ 98 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. വർഷാവസാനത്തോടെ എല്ലാം പൂർണമാവും' -ഫാത്തിമ നുഐമി പറഞ്ഞു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കു മാത്രമായിരിക്കും ലോകകപ്പ് ഗാലറിയിലേക്ക് പ്രവേശനം. വാക്സിൻ ലഭ്യമാവാത്ത രാജ്യങ്ങൾക്കുള്ള പ്രത്യേക പദ്ധതിയും ഖത്തർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.