12 വർഷത്തിനിടെ ഖത്തറിലെ പാർക്കുകളുടെ എണ്ണത്തിൽ 164 ശതമാനം വർധന
text_fieldsദോഹ: 12 വർഷത്തിനിടെ ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണത്തിലുണ്ടായത് ദ്രുതഗതിയിലുള്ള വളർച്ച. 2010ൽ 56 പാർക്കുകളുണ്ടായിരുന്നത് 2022ൽ 148 പാർക്കുകളായി വർധിച്ചു. ഇക്കാലയളവിൽ 164 ശതമാനം വർധനയാണ് പാർക്കുകളുടെ എണ്ണത്തിലുണ്ടായത്. അതുപോലെ, ഹരിതയിടങ്ങളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. 2010ൽ പച്ചപ്പുനിറഞ്ഞ 25 ലക്ഷം ചതുരശ്രമീറ്ററുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4.3 കോടി ചതുരശ്രമീറ്റർ ഹരിതയിടങ്ങളുണ്ട്.
ഗ്രീൻ ഏരിയയുടെ കാര്യത്തിൽ 2010ൽ പ്രതിശീർഷ ഓഹരി ഒരു ചതുരശ്രമീറ്ററിൽ കുറവായിരുന്നെങ്കിൽ ഇപ്പോഴത് 16 മടങ്ങ് വർധിച്ച് 16 ചതുരശ്രമീറ്ററിലെത്തി. 2019ൽ മില്യൺ മരങ്ങൾ നടുന്ന പദ്ധതിയിൽ പത്തുലക്ഷം തികക്കുന്ന അവസാനത്തെ മരംനട്ടത് ഈയിടെയാണ്. ഉമ്മു അൽ സനീം, റൗദത്ത് അൽ ഖെയ്ൽ, പാണ്ട ഹൗസ് പാർക്ക് ഉൾപ്പെടെയുള്ള നിരവധി പൊതു പാർക്കുകൾ 2022ൽ തുറന്നതായി പബ്ലിക് പാർക്ക്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ മുഹമ്മദ് അലി അൽ ഖൂരി ഈയിടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ആരാധകരെ സ്വീകരിക്കാനായി നിരവധി പാർക്കുകൾ നവീകരിച്ചു.
2022 നവംബർ ഒന്നിനാണ് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ഉമ്മു അൽ സനീം പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ലോകത്തെ ഏറ്റവും നീളമേറിയ എയർ കണ്ടീഷൻഡ് ജോഗിങ് ട്രാക്ക് ഉള്ളത് ഈ പാർക്കിലാണിപ്പോൾ. 1143 മീറ്റർ നീളമുള്ള ഈ ട്രാക്ക് ‘നീളമേറിയ എയർകണ്ടീഷൻഡ് ഔട്ട്ഡോർ പാത്ത്’ എന്ന പേരിൽ ഗിന്നസ് ലോക റെക്കോഡിൽ ഇടംനേടുകയും ചെയ്തു. 1.3 ലക്ഷം ചതുരശ്രമീറ്ററിലായാണ് ഉമ്മു അൽ സനീം പാർക്ക് പരന്നുകിടക്കുന്നത്. പബ്ലിക് വർക്സ് അതോറിറ്റിയും മുനിസിപ്പാലിറ്റി മന്ത്രാലയവും സഹകരിച്ചാണ് പാർക്ക് വികസിപ്പിച്ചത്.
ജീവിതനിലവാരം മെച്ചപ്പെടുത്തൽ ലക്ഷ്യം
ഹരിതയിടങ്ങൾ വർധിപ്പിക്കുന്നതുവഴി ഖത്തറിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബേ പറയുന്നു. പബ്ലിക് പാർക്കുകളിൽ ഫിറ്റ്നസ് ഉപകരണങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങൾ, ജോഗിങ് ട്രാക്കുകൾ എന്നിവ സജ്ജീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ഏപ്രിൽ 10നാണ് അൽ മുൻതസയിലെ റൗദത്ത് അൽ ഖെയ്ൽ പാർക്ക് തുറന്നുകൊടുത്തത്.
1.4 ലക്ഷം ചതുരശ്രമീറ്ററിലായി സ്ഥിതിചെയ്യുന്ന റൗദത്ത് അൽ ഖെയ്ൽ രാജ്യത്തെ വലിയ പാർക്കുകളിലൊന്നാണ്. 1183 മീറ്റർ നീളമുള്ള നടപ്പാത, 1119 മീറ്റർ ദൈർഘ്യമുള്ള ജോഗിങ് ട്രാക്ക്, 1118 മീറ്റർ നീളമുള്ള സൈക്കിൾ വേ, കുട്ടികളുടെ കളി സ്ഥലം, ഫിറ്റ്നസ് ഏരിയ, ബാർബിക്യൂ, 98,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഗ്രീൻ ഏരിയ, 40 സൈക്കിൾ റാക്കുകൾ തുടങ്ങി സന്ദർശകർക്ക് നിരവധി സൗകര്യങ്ങളുണ്ടിവിടെ. ദോഹയിൽനിന്ന് 35 കി.മീ അകലെ അൽ ഖോറിലെ ഫാമിലി പാർക്കിനരികെയാണ് 120,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പാണ്ട ഹൗസ് പാർക്ക് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.