ഖത്തറിൽ സിംഹത്തിൻെറ ആക്രമണത്തിൽ 17കാരന് ഗുരുതര പരിക്ക്
text_fieldsദോഹ: ഖത്തറിൽ സിഹത്തിൻെറ ആക്രമണത്തിൽ 17 കാരന് ഗുരുതര പരിക്ക്. ഉംസലാൽ ഏരിയയിലെ വളർത്തു കേന്ദ്രത്തിൽ വെച്ച് സ്വദേശി യുവാവിനു നേരെ ആക്രമണമുണ്ടായതെന്ന് പ്രാദേശിക അറബിപത്രമായ ‘അൽ ശർഖ്’ റിപ്പോർട്ട് ചെയ്തു. തലക്കും മുഖത്തും പരിക്കേറ്റ യുവാവ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയ ശേഷം വിശ്രമത്തിലാണ്. ജനുവരി 12നായിരുന്നു അക്രമം നടന്നത്.
യുവാവ് 2022ൽ നാല് മാസം പ്രായമുള്ള സിംഹത്തെ വളർത്താനായി ദത്തെടുത്തിരുന്നതായി ‘അൽ ശർഖ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, താമസിയാതെ തന്നെ സിംഹകുട്ടിയിൽ നിന്നും അലർജി പിടിപെട്ടതോടെ ഇവയുടെ പരിപാലനത്തിനും പരിശീലനത്തിനും വിദഗ്ധനായ ഒരാളെ ഏൽപിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ മൂന്നു തവണ മാത്രമാണ് ഇയാൾ താൻ വളർത്താൻ ഏൽപിച്ച സിംഹത്തെ സന്ദർശിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും നവംബറിലും കാണാനെത്തിയപ്പോൾ കൂട്ടിൽ അടച്ച നിലയിലായിരുന്നുവത്രേ സിംഹത്തെ കണ്ടത്. എന്നാൽ, ഇത്തവണ എത്തിയപ്പോൾ സിംഹത്തെ കൂട്ടിൽ നിന്നിറക്കിയ നിലയിലായിരുന്നു.
ഇേതസമയം, പരിശീലകനു കീഴിലെ ഏഴ് വയസ്സ് പ്രായമുള്ള മറ്റൊരു സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
12 ദിവസത്തിനു ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. അപകടനില തരണം ചെയ്ത്, ആരോഗ്യ നില വീണ്ടെടുക്കുന്നതായി മാതാവ് ‘അൽ ശർഖി’നോട് പറഞ്ഞു. മകൻെറ ഉടമസ്ഥതയിലുള്ള സിംഹമല്ല ആക്രമിച്ചതെന്നും, പരിശീലകനു കീഴിലെ മറ്റൊരു സിംഹത്തിൻെറ ആക്രമണത്തിലാണ് മകന് പരിക്കേറ്റതെന്നും മാതാവ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.