നോമ്പ് മുറിയാതെ 17 വർഷം; അഷ്ടമിക്ക് മൊഞ്ചേറും പെരുന്നാൾ
text_fieldsഅഷ്ടമി
ദോഹ: ‘കൊല്ലം അഞ്ചലിലെ വീടിനടുത്തുള്ള അമ്മയുടെ സുഹൃത്തായ റജീല ആന്റിയിലൂടെയാണ് നോമ്പിനെ ആദ്യമായി അറിയുന്നത്. അന്ന് സ്കൂളിൽ രണ്ടിലോ മൂന്നിലോ ആണ് പഠിക്കുന്നത്. ചില ദിവസങ്ങളിൽ ആന്റിയുടെ വീട്ടിൽ കൂട്ട് നിൽക്കാൻ പോകും.
അങ്ങനെ ഒരു റമദാൻ മാസത്തിൽ വീട്ടിലെത്തിയപ്പോഴാണ് ആന്റി നോമ്പ് പിടിക്കുന്ന കാര്യമറിയുന്നത്. ‘നോമ്പ് നോൽക്കുന്നോ...? എന്ന ചോദ്യത്തിന് രണ്ടാമതൊരു ആലോചനയില്ലാതെ ഞാനും ഉത്തരം നൽകി. അങ്ങനെ ചെറു പ്രായത്തിൽതന്നെ ആദ്യമായൊരു നോമ്പുകാരിയായി മാറി. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ച് നോമ്പ് തുടങ്ങും.
വൈകുന്നേരം ആന്റിയുടെ വീട്ടിലെത്തി ഇഫ്താർ പാചകത്തിന് സഹായിച്ച ശേഷം, വീടിന്റെ മതിലിൽ ബാങ്ക് വിളിക്കായി കാത്തിരിക്കുന്നതാണ് നോമ്പിന്റെ ഹൃദ്യമായ ഓർമ’ -ഖത്തറിലെ മലയാളി റേഡിയോ ആസ്വാദകർക്കിടയിൽ പരിചിതയായ ആർജെ അഷ്ടമി തന്റെ നോമ്പനുഭവങ്ങൾ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്.
പാട്ടും നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി എപ്പോഴും കേൾവിക്കാരിലെത്തുന്ന റേഡിയോ അവതാരക അഷ്ടമിയുടെ പറഞ്ഞു തീരാത്ത വിശേഷങ്ങളിലൊന്നാണ് സ്വന്തം നോമ്പിന്റെയും പെരുന്നാളിന്റെയും അനുഭവങ്ങൾ. തുടർച്ചയായി 17ാമത്തെ വർഷവും റമദാൻ നോമ്പുകളെടുത്ത് തീർക്കുന്നതിന്റെ സന്തോഷത്തിലാണ് അവർ ഇത്തവണ കുടംബത്തിനും സുഹൃത്തുകൾക്കുമൊപ്പം പെരുന്നാളിനെ വരവേൽക്കുന്നത്.
എൽ.പി സ്കൂൾ വിദ്യാർഥിയായിരിക്കെ കൗതുകത്തിന് തുടങ്ങിയ നോമ്പ് പിന്നെ ശീലമായി മാറി. ആദ്യ വർഷം പത്തിനു താഴെ നോമ്പുകൾ പൂർത്തിയാക്കിയവൾ, അടുത്ത വർഷങ്ങളിൽ കൂടുതൽ നോമ്പുകളെടുത്ത് വീട്ടുകാരെയും കൂട്ടുകാരെയും ഞെട്ടിച്ചു.സഹപാഠികളായി മുസ്ലിം വിദ്യാർഥികൾ തീരെ കുറവായതിനാൽ സ്കൂളിലെ സുഹൃത്തുക്കളിലും അധ്യാപകരിലുമെല്ലാം എന്റെ നോമ്പ് ശീലം അത്ഭുതമായിരുന്നുവെന്ന് അഷ്ടമി ഓർക്കുന്നു. അധികം വൈകാരെ അവരും അത് ഉൾക്കൊണ്ടു. എൽ.പി സ്കൂൾ പഠനവും കഴിഞ്ഞ് ഖത്തറിലെത്തിയപ്പോൾ റമദാൻ നോമ്പിനെ പതിവാക്കി മാറ്റാനുള്ള അവസരങ്ങൾ ഏറെയുണ്ടായിരുന്നു. എം.ഇ.എസ് സ്കൂളിലെ പഠനകാലത്ത് കൂട്ടുകാർക്കൊപ്പം നോമ്പ് ആസ്വദിച്ചെടുത്തു തുടങ്ങി. അമ്മ ദീപയും അച്ഛൻ അജിത്തും സഹോദരൻ അഖിൽ ജിത്തും പിന്തുണയോടെ ഒപ്പമുണ്ടായിരുന്നു. അത്താഴവും ഇഫ്താറും തയാറാക്കാൻ അമ്മയുണ്ടാവും.
പെരുന്നാളിന് പുത്തനുടുപ്പുകളെടുത്തും. അങ്ങനെ, കൂട്ടുകാർക്കൊപ്പം നോമ്പും പെരുന്നാളും ആഘോഷമാക്കുന്നതായിരുന്നു സ്കൂൾ കാലം. ഖത്തറിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയിൽ ആർജെയായി തുടങ്ങിയപ്പോഴും പതിവ് തെറ്റിച്ചില്ല.ജോലിത്തിരക്കിനിടയിലും റമദാൻ വ്രതം പതിവുപോലെ കൊണ്ടുപോവുന്നതിന്റെ സന്തോഷം പങ്കുവെക്കുമ്പോൾ തുടർച്ചയായി 17 വർഷത്തിലെത്തി ഈ തിരക്കേറിയ അവതാരകയുടെ നോമ്പ് യാത്ര.
ഒരുമാസത്തെ വ്രതത്തിനുശേഷം ഖത്തറിൽ വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പമാണ് സാധാരണ പെരുന്നാളെങ്കിൽ ഇത്തവണത്തെ പെരുന്നാൾ ദുബൈയിലാണ് കൂടുന്നതെന്നും ഇവർ പറഞ്ഞു. സുഹൃത്തായ റിസ്വാന മുനീറും പെരുന്നാൾ കൂടാൻ ദുബൈയിലുണ്ടെന്നത് ഇരട്ടി മധുരമാവുന്നതായി അഷ്ടമി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.