ഖത്തർ പ്രവാസികൾ ഒന്നായി; മൽഖക്കായി അഞ്ചു മാസം കൊണ്ട് സമാഹരിച്ചത് 17.13 കോടി രൂപ
text_fieldsദോഹ: എസ്.എം.എ രോഗ ബാധിതയായ കുഞ്ഞു മൽഖ റൂഹിക്കായുള്ള ചികിത്സാ ധനസഹായം ലക്ഷ്യത്തിലെത്തിച്ച് ഖത്തറിലെ പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും. അഞ്ചു മാസം കൊണ്ട് 74.56 ലക്ഷം റിയാൽ (17.13 കോടി രൂപ) സമാഹരിച്ചതിനു പിന്നാലെ ഓൺലൈൻ വഴിയുള്ള ധനശേഖരണം അവസാനിപ്പിച്ചു.
ഉന്നത ഇടപെടലുകളിലൂടെ മരുന്ന് തുകയിൽ ഇളവ് ലഭ്യമാക്കിയതോടെയാണ് ധനശേഖരണം നേരത്തെ അവസാനിപ്പിക്കാൻ കഴിഞ്ഞത്. മരുന്നെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ധനശേഖരണത്തിന് നേതൃത്വം നൽകിയവർ അറിയിച്ചു.
ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൊതുധനശേഖരണത്തിന് തുടക്കം കുറിച്ചത്. ഖത്തറിലെ വിവിധ പ്രവാസി സംഘടനകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും പങ്കുചേർന്ന് നടത്തിയ ധനസമാഹരണമാണ് വിജയത്തിലെത്തിയത്.
പാലക്കാട് മേപ്പറമ്പ് സ്വദേശികളായ മുഹമ്മദ് റിസാൽ, നിഹാല ദമ്പതികളുടെ മകളാണ് ഒമ്പത് മാസം പ്രായമുള്ള മൽഖ റൂഹി. രണ്ടാം മാസത്തിലായിരുന്നു കുഞ്ഞിന് സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ടൈപ്പ് വൺ രോഗമാണെന്ന് തിരിച്ചറിയുന്നത്.
1.16 കോടി റിയാൽ വിലയുള്ള സോൾജെൻസ്മ’ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ചാൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ എന്ന ഘട്ടത്തിൽ ഖത്തർ ചാരിറ്റി ഫണ്ട് സമാഹരണം ഏറ്റെടുക്കുകയായിരുന്നു. ഖത്തറിലെ പ്രവാസി സംഘടനകളും വ്യക്തികളും ചേർന്നതോടെ ദൗത്യം വിജയകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.