20 രാജ്യങ്ങൾക്ക് തണൽവിരിച്ച് ഖത്തർ റെഡ്ക്രസൻറ് റമദാൻ കാമ്പയിൻ
text_fieldsദോഹ: റമദാൻ പ്രമാണിച്ചുള്ള ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ റമദാൻ കാമ്പയിനിലൂടെ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേർ ഗുണഭോക്താക്കളായി. 20 രാജ്യങ്ങളിലാണ് ഖത്തർ റെഡ്ക്രസൻറ് റമദാൻ കാമ്പയിനിലൂടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത്. റമദാൻ ഇഫ്താർ, ഫിത്ർ സകാത്ത്, ഈദ് പുതുവസ്ത്രങ്ങൾ എന്നിവയാണ് പ്രധാനമായും കാമ്പയിനിലൂടെ അർഹരായവരിലേക്ക് എത്തിക്കുന്നത്. 1,60,78,780 റിയാലാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഈ തുക റമദാനിൽ നടത്തുന്ന ധനസമാഹരണത്തിലൂടെ കണ്ടെത്താനാണ് റെഡ്ക്രസൻറിെൻറ പദ്ധതി.
വിശുദ്ധ റമദാനിൽ നോമ്പെടുക്കുന്ന അർഹരായവർക്ക് ഇഫ്താർ ഭക്ഷണം നൽകുകയാണ് പ്രധാനമായും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് റിലീഫ് ആൻഡ് ഇൻറർനാഷനൽ ഡെവലപ്മെൻറ് വിഭാഗം മേധാവി ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. അഭയാർഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ, രോഗികൾ, വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
വിദേശരാജ്യങ്ങളിലെ ഖത്തർ റെഡ്ക്രസൻറ് മിഷൻ, ഓഫിസുകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായ പരമാവധി ആളുകൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനുള്ള ഇഫ്താർ ഭക്ഷണമാണ് പ്രധാനമായും നൽകുന്നത്. അരി, പഞ്ചസാര, ചായ, ബീൻസ്, തഹീന, ഗോതമ്പ്, പാസ്ത, നൂഡിൽസ്, ഹലാവ, പാചക എണ്ണ, നെയ്യ്, പൊടി, ഈത്തപ്പഴം, ഇറച്ചി, ടൂണ, പലവ്യഞ്ജനങ്ങൾ, ജ്യൂസ്, മധുരപലഹാരങ്ങൾ തുടങ്ങിയവയെല്ലാം പാക്കറ്റിൽ ഉണ്ട്.
ഇഫ്താർ, ഫിത്ർ സകാത്ത്, ഈദ് വസ്ത്രങ്ങൾ എന്നീ പദ്ധതികൾ നടപ്പാക്കുന്നതിന് ഉദാരമതികൾ സഹായിക്കണമെന്നും സംഭാവനകൾ നൽകുന്നതിനായി www.qrcs.qa വെബ്സൈറ്റ് സന്ദർശിക്കുകയോ 66666364, 33998898 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.