വാക്സിൻ സ്വീകരിച്ചവർ 20.13 ലക്ഷം
text_fieldsദോഹ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചരിത്രനേട്ടം സ്വന്തമാക്കി ഖത്തർ. രാജ്യത്തെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 20 ലക്ഷം എന്ന ലക്ഷ്യംതൊട്ടു.
ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണംകൂടി പരിഗണിച്ചാണ് ഈ നേട്ടം. ചൊവ്വാഴ്ച 22,960 ഡോസ് വാക്സിൻ കൂടി കുത്തിവെച്ചതോടെ, ഡിസംബറിൽ ആരംഭിച്ച ദേശീയ കോവിഡ് പ്രതിരോധമരുന്ന് കുത്തിവെപ്പ് പ്രോഗ്രാമിൽ ഭാഗമായവരുടെ എണ്ണം 20,13,080 തികഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കുത്തിവെച്ച ഡോസുകളുടെ എണ്ണം 3,708,551 ആയി.
രാജ്യത്തെ ജനസംഖ്യയുടെ 81 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതുല്യമായ നേട്ടമാണ്. മഹാമാരിക്കെതിരെ ആർജിത പ്രതിരോധം നേടുന്നതിലേക്കുകൂടിയാണ് ദേശീയ വാക്സിനേഷൻ പ്രോഗ്രാം നയിക്കുന്നത്. 60 പിന്നിട്ട ജനവിഭാഗങ്ങളിൽ 98.6 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വന്തമാക്കിക്കഴിഞ്ഞു. ഇവരിൽ 93.5 ശതമാനം രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്തു.
കോവിഡ് വാക്സിനേഷൻ നടപടികൾക്കായി ഊർജിതശ്രമമാണ് മന്ത്രാലയവും ഹമദ്മെഡിക്കൽ കോർപറേഷനും ചേർന്ന് നടത്തുന്നത്. ഇതിനായി ഇൻഡ്സ്ട്രിയൽ ഏരിയയിൽ ലോകത്തെ ഏറ്റവും വിശാലമായ വാക്സിനേഷൻ സെൻററാണ് പ്രവർത്തിക്കുന്നത്.
മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ ഒരുക്കിയ സെൻററിൽ 300ലേറെ സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 700ഓളം ജീവനക്കാരുടെ സേവനവും ലഭിക്കുന്ന ഇവിടെ പ്രതിദിനം 25,000 ഡോസ് കുത്തിവെക്കാൻ സൗകര്യമുണ്ട്. 27 ഹെൽത്ത് സെൻററുകൾ ഉൾപ്പെടെ രാജ്യത്തെ പ്രതിദിന വാക്സിനേഷൻ ശേഷി 40,000 ഡോസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.