പ്രവാസികളുടെ ശമ്പളവര്‍ധനവില്‍ ഖത്തര്‍ മുന്‍പന്തിയില്‍
text_fieldsദോഹ: വിദേശ ജോലിക്കാരുടെ ഇടയില്‍ ചെലവ് കഴിച്ച് ഏറ്റവും കൂടുതല്‍ വരുമാനം കരുതിവെക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഖത്തര്‍ മുന്‍പന്തിയില്‍. പ്രമുഖ ബാങ്കിങ് സ്ഥാപനമായ എച്ച്.എസ്.ബി.സി വിദേശ ജോലിക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് (എച്ച്.എസ്.ബി.സി എക്സ്പാറ്റ് എക്സ്പ്ളോറര്‍ സര്‍വേ 2015) ഇക്കാര്യം വെളിപ്പെട്ടത്. വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ 39 രാജ്യങ്ങള്‍ പല ഘടകങ്ങളിലായി മികച്ചുനിന്നു. പ്രധാനമായി സാമ്പത്തികം, പരിചയസമ്പന്നത, കുടുംബം എന്നീ കാര്യങ്ങള്‍ക്കാണ് സര്‍വേ ഊന്നല്‍ നല്‍കിയത്.
മികച്ച ശമ്പളവര്‍ധനവുള്ള രാജ്യങ്ങളിലും ഖത്തറിന് ഒന്നാം സ്ഥാനമുണ്ട്. ഇതുകൂടാതെ വ്യക്തിഗത ധനവിനിയോഗം, വരുമാനം എന്നിവയില്‍ രണ്ടാം സ്ഥാനവും സാമ്പത്തിക ഭദ്രതയില്‍ നാലാം സ്ഥാനവും ഖത്തറിനുണ്ട്. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക ഭദ്രതയുടെ വിഭാഗത്തില്‍ ഖത്തറിന് നാലാം സ്ഥാനമാണുള്ളത്. ലോക രാജ്യങ്ങളുടെ ഇടയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും പറ്റിയ ഇടം സിംഗപ്പൂരാണ്.
മിഡിലീസ്റ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യാനായി വിദേശികള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ഖത്തറിനാണ്. ഖത്തറിലേക്ക് മാറിയതില്‍ പിന്നെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് സര്‍വേയോട് പ്രതികരിച്ച 76 ശതമാനം പേരും പറഞ്ഞത്. തങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് 75 ശതമാനത്തിന്‍െറയും അഭിപ്രായം.
ഖത്തറിന് പിന്നാലെ ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളും മികച്ചുനില്‍ക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായത്തില്‍ മധ്യപൗരസ്ത്യദേശങ്ങളിലാണ് വിദേശികള്‍ക്ക് പ്രതീക്ഷിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നത്. 75 ശതമാനത്തിന്‍െറയും അഭിപ്രായത്തില്‍ മികച്ച വീട്ടുവാടക അലവന്‍സുകള്‍ ലഭിക്കുന്ന സ്ഥലങ്ങളും മിഡിലീസ്റ്റ് തന്നെ. വരുമാനത്തിന്‍െറ തോത്, ചെലവുകള്‍, പ്രാദേശിക സാമ്പത്തിക ഘടനയിലുള്ള വിശ്വാസം, രാഷ്ട്രീയ സ്ഥിരത, ബിസിനസ് തുടങ്ങാനുള്ള സാഹചര്യം, ജോലി, ജീവിതം, ജോലിയുടെ സുരക്ഷിതത്വം എന്നിവയെല്ലാം സര്‍വേക്ക് ആധാരമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.