ഖത്തര്‍ ദേശീയദിനാഘോഷങ്ങള്‍ക്ക് ആവേശക്കാത്തിരിപ്പ്
text_fieldsദോഹ: ഖത്തര്‍ ദേശീയദിന പരിപാടികള്‍ക്ക് ആരംഭം കുറിച്ച് അല്‍സദ്ദിലെ ദര്‍ബ് അല്‍ സായിയില്‍ ആഘോഷങ്ങള്‍ തുടങ്ങി. ഒൗദ്യോഗികമായി ദേശീയദിനം ഡിസംബര്‍ 18നാണെങ്കിലും ആഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ സന്ദര്‍ശകരത്തെുന്ന കേന്ദ്രമെന്ന നിലക്കാണ് ദര്‍ബ് അല്‍ സായി ശ്രദ്ധാകേന്ദ്രമാവുന്നത്. ഖത്തറിന്‍െറ പാരമ്പര്യവും ചരിത്രവും കാര്‍ഷിക സംസ്കാരവും ഭക്ഷണ വൈവിധ്യങ്ങളും അടുത്തറിയാനുതകുന്ന പ്രദര്‍ശനങ്ങളും പരിപാടികളുമാണ് ഇവിടെ നടക്കുന്നത്. പരമ്പരാഗത വീടുകളുടെ മാതൃകയില്‍ നിര്‍മിച്ച നിരനിരയായുള്ള സ്റ്റാളുകളില്‍ നിരവധി വാണിജ്യ ശാലകള്‍ ഒരുങ്ങി. മരുഭൂമിയിലെ തമ്പുകളെ ഓര്‍മിപ്പിക്കുന്ന നിരവധി കൂടാരങ്ങളും മൈതാനത്തുയര്‍ന്നു. മജ്ലിസുകളില്‍ ഇനി സ്വദേശികള്‍ കഹ്വ കുടിച്ചും കവിത ചൊല്ലിയും പാരമ്പര്യത്തെ പുല്‍കും. സ്റ്റാളുകളില്‍ പതാകകള്‍ അടക്കം ദേശീയദിന അലങ്കാരങ്ങളും തൊപ്പികളും വസ്ത്രങ്ങളും വില്‍ക്കുന്നവയുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള വിശാലമായ സൗകര്യവും മൈതാനത്തുണ്ട്. ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവക്ക് പുറമെ എമു, മാനുകള്‍ എന്നിവയും ഇവിടെയുണ്ട്. പഴയ വാഹനങ്ങളുടെ പ്രദര്‍ശനങ്ങളുള്‍പ്പെടെ കൗതുകങ്ങളുടെ നീണ്ട നിരയാണ് ദര്‍ബ് അല്‍ സായിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്.
മുന്‍കാലത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ട് ഉണ്ടായിരിക്കില്ല. സുരക്ഷ നടപടികളും ഇത്തവണ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷ പരിശോധനക്ക് ശേഷമേ മൈതാനത്ത് കടക്കാന്‍ കഴിയൂ. ഖത്തര്‍ ഫൗണ്ടേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ പവലിയനുകള്‍ ഇത്തവണ ഒരുങ്ങിയിട്ടുണ്ട്. ദര്‍ബ് അല്‍ സായിയിലെ മൈതാനിയില്‍ ഖത്തറിന്‍െറ പൈതൃക ശേഷിപ്പുകളുമൊരുക്കിയാണ് സന്ദര്‍ശകരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. ആടുകള്‍ മേഞ്ഞുനടക്കുന്നതും അങ്ങിങ്ങായി ഒട്ടകങ്ങളും കുതിരകളും അലയുന്നതായും സന്ദര്‍ശകര്‍ക്ക് കൗതുകമുണ്ടാക്കും. മുത്തുവാരലും മറ്റ് പഴയകാല ചരിത്രങ്ങളും ഓര്‍മിപ്പിക്കുന്നതിനായി മണലിലേക്ക് ആണ്ടുപോയ ബോട്ടുകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ സുരക്ഷാ സേനയെ പരിചയപ്പെടുത്തുന്ന സേനയുടെ പരേഡും ഇവിടെ നടക്കുന്നുണ്ട്. ഡിസംബര്‍ 20 വരെ പൊതുജനങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയില്‍ പ്രവേശനമുണ്ടാകും. രാവിലെ എട്ട് മണി മുതല്‍ ഉച്ചവരെയും, വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയുമായി ഇവിടെയുള്ള പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.