Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രൗഢിയുടെ നിറവില്‍...

പ്രൗഢിയുടെ നിറവില്‍ ഖത്തറിന് ഇന്ന് ദേശീയദിനം

text_fields
bookmark_border

ദോഹ: രാജ്യത്തിന്‍െറ പൈത്യകവും സാംസ്കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച് ആധുനിക ഖത്തര്‍ കൈവരിച്ച പ്രൗഢിയുടെ നിറവില്‍ ഇന്ന് രാജ്യം ദേശീയദിനം ആഘോഷിക്കുന്നു. ഭുമിശാസ്ത്രപരമായി ഏറെ ചെറുതാണെങ്കിലും അറബ് മേഖലയിലെയും ലോകത്ത് തന്നെയും ശ്രദ്ധേയമായ രാജ്യമായി ഖത്തര്‍ മാറിയിട്ടുണ്ട്. പ്രകൃതിവാതക കയറ്റുമതി രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന ഖത്തര്‍ സാമ്പത്തിക വളര്‍ച്ചയിലും കായിക മേഖലയിലും, മാധ്യമ രംഗത്തും, അന്തരാഷ്ട്ര നയതന്ത്ര മേഖലയിലും ഇന്ന് ലോകത്തെ തന്നെ ശ്രദ്ധേയ സാന്നിധ്യമാണ്.
ഖത്തറിനെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏകീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആധുനിക ഖത്തറിന്‍െറ ശില്‍പി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18ന് ഖത്തറില്‍ അധികാരത്തില്‍ വന്നതിന്‍െറ സ്മരണക്കായാണ് ഡിസംബര്‍ 18ന് രാജ്യം ദേശീയ ദിനമായി ആചരിക്കുന്നത്. ഒട്ടനവധി വര്‍ഷം ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന ഖത്തര്‍, 1968ല്‍ രാജ്യത്ത് നിന്ന് പിന്‍മാറാന്‍ ബ്രിട്ടീഷ് ഭരണകൂടം തീരുമാനമെടുത്തതോടെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയത്. 1970ല്‍ രൂപം നല്‍കിയ താല്‍കാലിക ഭരണഘടനയുടെ വെളിച്ചത്തില്‍ 1970 മെയ് 29ന് ഖത്തറില്‍ പ്രഥമ മന്ത്രിസഭ അധികാരത്തില്‍ വന്നു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും കഴിവുറ്റ നേതൃത്വവും ദീര്‍ഘവീക്ഷണവും ഇന്ന് ഖത്തറിനെ ലോകത്തിലെ തന്നെ ശ്രദ്ധേയ രാജ്യമാക്കി മാറ്റി. സാമ്പത്തിക രംഗത്ത് രാജ്യത്തെ മുന്‍പന്തിയിലത്തെിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ച ഭരണകൂടം ഖത്തറിനെ സാംസ്കാരിക, വിദ്യഭ്യാസ, കായിക രംഗത്തും മുന്‍പന്തിയിലത്തെിച്ചു. 
എണ്ണവരുമാനത്തില്‍ മാത്രം രാജ്യത്തിന്‍െറ സമ്പദ്ഘടനക്ക് മുമ്പോട്ട് പോകാന്‍ സാധ്യമല്ളെന്ന് തിരിച്ചറിഞ്ഞ ഖത്തര്‍ ഭരണകൂടം എണ്ണയേതര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. രാജ്യത്തിന്‍െറ ഭാവി വികസന കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട വിഷന്‍ 2030 ഭരണകൂടത്തിന്‍െറ ദീര്‍ഘവീക്ഷണത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. രാജ്യത്തിന്‍െറ ഭൗതിക സാഹചര്യങ്ങളുടെ വികസനം, ആരോഗ്യം, വിദ്യഭ്യാസം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ മുഖ്യമായും ശ്രദ്ധിക്കുക. കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കിയ 2016ലെ സാമ്പത്തിക ബജറ്റും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുളളതാണ്. എണ്ണ, പ്രകൃതി വാതക വിപണിയില്‍ വന്‍ തകര്‍ച്ച നേരിടുമ്പോഴും രാജ്യത്തിന്‍െറ സമ്പദ്ഘടനയെ ബാധിക്കാതെ നോക്കുന്നതില്‍ ഭരണകൂടം വിജയിച്ചിട്ടുണ്ട്. അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കി ഭരണ കാര്യക്ഷമത ഉറപ്പ് വരുത്താനുളള നടപടികളും രാജ്യം സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞമാസം നടന്ന ശൂറ കൗണ്‍സില്‍ യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇത് ഊന്നി പറഞ്ഞിരുന്നു.
ലോകത്തിലെ 134 രാജ്യങ്ങളില്‍ നിന്നുളള വിദേശ തൊഴിലാളികള്‍ ജീവിക്കുന്ന ഖത്തര്‍ തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി നടപടികളാണ് കൈക്കൊണ്ടത്. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിച്ച് തൊഴില്‍ കരാര്‍ രീതി നടപ്പിലാക്കാനുളള നിയമത്തിന് ഈ വര്‍ഷം അമീര്‍ അംഗീകാരം നല്‍കിയത് ചരിത്രത്തിലെ നാഴികക്കല്ലാണ്. തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നതായി ഉറപ്പുവരുത്തുന്നതിനായി ഈ വര്‍ഷം നവംബര്‍ മുതല്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ശമ്പള സമ്പ്രദായം, പതിനായിരക്കണക്കിന്  തൊഴിലാളികള്‍ക്ക് താമസിക്കാനായി ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ലേബര്‍ സിറ്റി തുടങ്ങിയവ  പ്രവാസിക്ഷേമ രംഗത്തെ ശ്രദ്ധേയ നടപടികളാണ്.
അറബ് മേഖലയുടെ പൊതുസ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി കായിക ലോകത്തെ ശ്രദ്ധകേന്ദ്രമായി ഖത്തര്‍ മാറിയിരിക്കുന്നു.  ഈ വര്‍ഷം ദോഹയില്‍ നടന്ന ലോകഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്, ലോക റോബോട്ട് ഒളിമ്പ്യാഡ്, ഐ.പി.സി അത്ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്, വര്‍ഷംതോറും നടക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ്, ഏഷ്യന്‍ യൂത്ത് അത്ലറ്റിക് മീറ്റ്, ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്തരാഷ്ട്ര മത്സരങ്ങള്‍ ഖത്തറിനെ കായിക ഭൂപടത്തില്‍ ശ്രദ്ധേയ രാജ്യമാക്കി മാറ്റി. ലോകകപ്പിനുളള വേദി നേടിയതിന്‍െറ അഞ്ചാം വാര്‍ഷികം കൂടിയാണ് ഖത്തറിന് ഈ ഡിസംബര്‍. ഖത്തര്‍ പോലുളള കൊച്ചുരാജ്യത്ത് ലോകകപ്പ് സാധ്യമല്ളെന്ന് പ്രവചിക്കുകയും പ്രചാരണം നടത്തുകയും ചെയ്തവര്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് ആറ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി രാജ്യത്ത് പുരോഗമിക്കുകയാണ്. ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലോക കപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് പണിയുന്ന അല്‍ വക്റ സ്റ്റേഡിയം, ഖത്തര്‍ ഫൗണ്ടേഷന്‍ സേ്റ്റഡിയം, അല്‍ഖോറിലെ ബൈത്ത് സ്റ്റേഡിയം, പുതുക്കി പണിയുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, റയ്യാന്‍ സ്റ്റേഡിയം ലോകോത്തര നിവലാരത്തിലുളള ആസ്പയര്‍ സ്പോര്‍ട്സ് അകാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ ഭാവി ഖത്തറിനെ കായിക ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്നതില്‍ സംശയമില്ല.
ആധുനികതയുടെയും പുരോഗതിയുടെയും ഏത് അറ്റംവരെ പോകുമ്പോഴും രാജ്യത്തിന്‍െറ പാരമ്പ്യര്യത്തിനും സംസ്കാരത്തിനും ഉയര്‍ന്ന പ്രധാന്യമാണ് ഖത്തര്‍ നല്‍കുന്നത്. അറബ്  ഇസ്ലാമിക സംസ്കാരത്തിന്‍െറ ശേഷിപ്പുകളുടെ സൂക്ഷിപ്പിനായി പണിത ഖത്തര്‍ ഇസ്ലാമിക് ആര്‍ട്സ് മ്യൂസിയവും പണിപൂര്‍ത്തിയായി വരുന്ന നാഷണല്‍ മ്യൂസിയവും ഇതിന്‍െറ ഉത്തമ മാതൃകളാണ്. ദോഹയിലെയും വക്റയിലെയും സുഖ് വാഖിഫ്,  മുശൈരിബ് ടൗണ്‍ പ്രോജക്ട്, ചരിത്ര പ്രാധാന്യമുളള സുബാറ കോട്ടയുടെ വികസന പ്രവൃത്തികള്‍, കതാറയിലെ പായ്കപ്പല്‍ പ്രദര്‍ശനം തുടങ്ങിയവ രാജ്യം അവരുടെ പാരമ്പര്യത്തിന്‍െറ സംരക്ഷണത്തിന് എത്രമാത്രം പ്രധാന്യം കല്‍പ്പിക്കുന്നുവെന്നതിന്‍െറ നേര്‍ക്കാഴ്ച്ചകളാണ്. പ്രധാന സാംസ്കാരിക കേന്ദ്രമായ കതാറ നിലക്കാത്ത സാംസ്കാരിക പ്രവര്‍ത്തനത്തിന്‍െറയും പ്രദര്‍ശനത്തിന്‍െറയും മറ്റൊരു മാതൃകയാണ്.
രാഷ്ട്രീയ രംഗത്തും സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്. മുസ്ലിം ലോകത്തിന്‍െറ വേദനയായ ഫലസ്തീന്‍ ജനതക്ക് വേണ്ടി ലോക വേദികളില്‍ ശബ്ദിക്കുന്ന ഖത്തര്‍ അവരുടെ പ്രയാസങ്ങളും കഷ്ടതകളും പരിഹരിക്കാന്‍ മില്യന്‍ കണക്കിന് ഡോളറാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. അറബ് മേഖലയെ അസ്വസ്ഥപ്പെടുത്തുന്ന സിറിയ, യമന്‍, ലിബിയ തുടങ്ങിയ പ്രശ്നങ്ങളുടെ രാഷ്ട്രീയ പരിഹാരത്തിനുളള ശ്രമങ്ങളില്‍  ഖത്തര്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഐ.എസിനെതിരായ അറബ് കൂട്ടായ്മയിലും സജീവ പങ്കളിയാണ് ഖത്തര്‍. യമനില്‍ ഹൂതി വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട സൈനികരെ വരെ നഷ്ടപ്പെടുകയുണ്ടായി. സിറിയ ഉള്‍പ്പെടെയുളള യുദ്ധ മേഖലയിലെ ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ ഖത്തര്‍ ഇത്തരം മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികണക്കിന് റിയാലാണ് ചെലവഴിക്കുന്നത്. തുര്‍ക്കിയുമായി  അടുത്ത ബന്ധമാണ് ഖത്തര്‍ പുലര്‍ത്തുന്നത്. ഈയിടെ നടന്ന ഖത്തര്‍, തുര്‍ക്കി ഉന്നതതല യോഗത്തില്‍ സൈനിക മേഖലയിലുള്‍പ്പെടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിക്കുകയുണ്ടായി. രാഷ്ട്രീയ നിലപാടുകളില്‍ വ്യത്യസ്ത പുലര്‍ത്തുമ്പോഴും ഗള്‍ഫ് മേഖലയുടെയും അറബ് ലോകത്തിന്‍െറയും ഐക്യത്തിന് മുന്തിയ പരിഗണനയാണ് ഖത്തര്‍ നല്‍കുന്നത്. ഫലസ്തീന്‍, മുസ്ലിം പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളുമായും രാജ്യം നല്ല ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ഖത്തറിന്‍െറ വികസ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യ വിഭവം കൊണ്ട് വലിയ പങ്ക് വഹിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളുമായും ഖത്തറിന്‍െറ ബന്ധം ഏറെ ഊഷ്മളമാണ്. ഇന്ത്യന്‍ പ്രധനാനമന്ത്രി നരേന്ദ്ര മോഡിയെ ഖത്തര്‍ സന്ദര്‍ശിക്കാനായി ഭരണാധികാരികള്‍ ക്ഷണിച്ചിടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി വര്‍ണ്ണാഭമായ പരിപാടികളാണ് ഇന്ന് ഖത്തറില്‍ നടക്കുക. 
രാവിലെ കോര്‍ണീഷില്‍ നടക്കുന്ന സൈനിക പരേഡാണ് ദേശീയ ദിനാഘോഷ പരിപാടികളിലെ ഏറ്റവും ശ്രദ്ധേയ പരിപാടി. രാജ്യത്തിന്‍െറ സൈനിക കരുത്ത് വിളച്ചറിയിക്കുന്ന പരേഡില്‍ കുതിരപ്പട മുതല്‍ അത്യാധുനിക പരിശീലനം ലഭിച്ച സൈനികര്‍ വരെ അണിനിരക്കും. 
കാണികള്‍ക്കായി വിപുലമായ ഇരിപ്പിട സൗകര്യവും കോര്‍ണീഷിന്‍െറ പരിസര പ്രദേശങ്ങളില്‍ നിന്ന് ബസ് ഷട്ടില്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈറ്റ്ഷോയും കണ്ണെഞ്ചിപ്പിക്കുന്ന വെടിമരുന്ന് പ്രയോഗവും ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി കോര്‍ണീഷില്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്കായി നാല് കേന്ദ്രങ്ങളില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയം പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയി
ട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarnational day
Next Story