ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനാകാന്‍ മുശൈരിബ്
text_fieldsദോഹ: ദോഹ മെട്രോ പദ്ധതിയിലെ മുശൈരിബ് സ്റ്റേഷന്‍, നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനുകളില്‍ ഒന്നായിത്തീരും. മെട്രോയുടെ മൂന്ന് ലൈനുകള്‍ കടന്നുപോകുന്ന ഏക സ്റ്റേഷനുമായിരിക്കും മുശൈരിബ്. 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവും മുശൈരിബ് ആയിരിക്കും. വിവിധ സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകള്‍ മുശൈരിബ് വഴി പോകുന്നതിനാല്‍ ഫുട്ബാള്‍ ആരാധകരുടെ പ്രധാന സംഗമ കേന്ദ്രവും ഇതാവും. ദോഹ മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമാകുന്ന പ്രധാന സ്റ്റേഷനുകളിലൊന്നും മുശൈരിബ് ആയിരിക്കും. റെഡ്, ഗ്രീന്‍, ഗോള്‍ഡന്‍ ലൈനുകളുള്‍ക്കൊള്ളുന്ന സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഖത്തറിന്‍െറ വികസന ഭൂപടത്തിലെ തന്നെ പ്രധാന നാഴികക്കല്ലായി മാറും.
അതിവേഗത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മുശൈരിബില്‍ നിലവില്‍ 2000ത്തിലധികം തൊഴിലാളികളാണ് വിവിധ മേഖലകളിലായി തൊഴില്‍ചെയ്യുന്നത്. മുശൈരിബിന്‍െറ സിവില്‍ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയായതായും ഇനി നിര്‍മാണത്തിലേക്ക് കടക്കുകയാണെന്നും ഖത്തര്‍ റെയില്‍ ക്യു.ഐ.ആര്‍.പി സീനിയര്‍ ഡയറക്ടര്‍ മാര്‍ക്സ് ഡമ്മ്ലര്‍ വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ സുരക്ഷക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്നും ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഇവിടെ പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുശൈരിബില്‍ മാത്രമായി ആറ് ടണല്‍ ബോറിങ് മെഷീനുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷന്‍െറ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മധ്യത്തോടെ മുശൈരിബ് സ്റ്റേഷന്‍െറ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനുകളിലൊന്നായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.