ജയം പാരിസ് സെയിന്‍റ് ജര്‍മെയ്ന്
text_fieldsദോഹ: ലോകത്തിലെ മികച്ച താരങ്ങളുമായി യൂറോപ്പിലെ വമ്പന്‍ ക്ളബുകള്‍ ദോഹ അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ വിജയം പാരീസ് സെന്‍റ് ജര്‍മെയ്ന്. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെയിന്‍റ് ജെര്‍മെയ്നും ഇറ്റാലിയന്‍ പടക്കുതിരകളായ ഇന്‍റര്‍മിലാനും തമ്മില്‍ നടന്ന സൗഹൃദ മത്സരം സ്റ്റേഡിയത്തിലത്തെിയ ഫുട്ബാള്‍ ആരാധകര്‍ക്ക് സുന്ദരമായ കളിവിരുന്നാണ് സമ്മാനിച്ചത്. കെവിന്‍ അഗസ്റ്റിന്‍ നേടിയ ഏകപക്ഷീയ ഗോളിനാണ് പി.എസ്.ജി ഇന്‍ററിനെ വീഴ്ത്തി മത്സരം സ്വന്തമാക്കിയത്.
ഫ്രാന്‍സില്‍ അവസാനിപ്പിച്ചേടത്ത് നിന്ന് പി.എസ്.ജി തുടങ്ങിയപ്പോള്‍ പലപ്പോഴും ഇന്‍റര്‍ പതറുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. ഒന്നാം മിനിട്ടില്‍ തന്നെ മികച്ച മുന്നേറ്റം നടത്തി പി.എസ്.ജി ഇന്‍ററിനെ ഞെട്ടിച്ചതോടെ മത്സര ചൂട് കൂടി. മനോഹരമായ മുന്നേറ്റങ്ങളിലൂടെ ഇബ്രാഹിമോവിച്ചും മറ്റൗഡിയും അഗസ്റ്റിനും ഗാലറിയെ കയ്യിലെടുത്തപ്പോള്‍ മറുവശത്ത് അതേ രീതിയില്‍ കളി മെനയുകയായിരുന്നു റോബര്‍ട്ടോ മാന്‍ചിനിയുടെ സംഘം.
ഒന്നാം പകുതി അവസാനിക്കാനിരിക്കെ 45ാം മിനുട്ടിലാണ് ഫലം നിര്‍ണയിച്ച ഗോള്‍ പിറന്നത്. മാര്‍കോ വെറാറ്റി തൊടുത്തു വിട്ട ത്രൂ ബാള്‍ പിടിച്ചെടുത്ത അഗസ്റ്റിന്‍ ബോക്സിന്‍െറ വലതുവശത്ത് നിന്ന് ഗോളിലേക്ക് നിറയൊഴിക്കുമ്പോള്‍ ഗോളിക്ക് നിസ്സഹായനാകാനേ സാധിച്ചുള്ളൂ. ആദ്യപകുതിയില്‍ നേടിയ ലീഡ് ഫ്രഞ്ച് ടീമിന് തെല്ളൊന്നുമല്ല ആത്മവിശ്വാസം നല്‍കിയത്. രണ്ടാം പകുതിയിലും അവര്‍ക്ക് തന്നെയായിരുന്നു വ്യക്തമായ മേധാവിത്വം. മികച്ച പാസിങിലൂടെ ഇന്‍റര്‍ നിരയെ വട്ടം കറക്കിയ പി.എസ്.ജി മുന്നേറ്റം പലപ്പോഴും ഗോളിനടുത്തത്തെിയെങ്കിലും ലക്ഷ്യം അകന്നു നില്‍ക്കുകയായിരുന്നു. 64ാം മിനിട്ടില്‍ ഇബ്രാഹിമോവിച്ചിന് പകരക്കാരനായി ബ്രസീലിയന്‍ താരം ലൂക്കാസ് മോറ ക്യാപ്റ്റന്‍െറ ആംബാന്‍ഡണിഞ്ഞ് കളത്തിലത്തെിയപ്പോള്‍ പി.എസ്.ജി മുന്നേറ്റത്തിന് വേഗത കൂടി. രണ്ടാം പകുതിയുടെ അധികസമയവും ഇന്‍റര്‍ നിരക്ക് കാഴ്ചക്കാരുടെ റോളായിരുന്നു. തുടരെ തുടരെ കളിക്കാരെ മാറ്റി പരീക്ഷിച്ചെങ്കിലും സമനിലെ ഗോളിനടുത്തത്തൊന്‍ പോലും അവര്‍ക്കായില്ല. കളിയില്‍ അധികസമയവും പന്ത് കൈവശം വെച്ചതും പി.എസ്.ജിയായിരുന്നു. 71ശതമാനം സമയത്തും പന്ത് അവരുടെ വരുതിയിലായിരുന്നു.
എന്നാല്‍ ഗോളിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ഇന്‍ററായിരുന്നു മുന്നില്‍. പി.എസ്.ജി നിരയിലെ ഡി മരിയയും ഡേവിഡ് ലൂയിസും തിയാഗോ സില്‍വയടക്കമുള്ള താരങ്ങള്‍ സൈഡ്ബെഞ്ചിലായിരുന്നു.
ഇഷ്ട ടീമിന്‍െറ ജെഴ്സികളണിഞ്ഞ് ഗാലറിയിലത്തെിയ ആരാധകരുടെ ആവേശവും പ്രോത്സാഹനവും ടീമുകള്‍ക്ക് ആത്മവിശ്വാസം നല്‍കി. സ്റ്റേഡിയം ഇളകിമറിഞ്ഞ മത്സരത്തില്‍ ആവേശം അങ്ങേയറ്റത്തത്തെിയപ്പോള്‍ ഒരുവേള മത്സരം നടക്കുന്നത് യൂറോപ്പിലാണെന്ന് വരെ തോന്നിച്ചു.
തങ്ങളുടെ ഇഷ്ട ടീമുകളെയും താരങ്ങളെയും അടുത്ത് കാണുന്നതിനും നേരില്‍ മത്സരം വീക്ഷിക്കുന്നതിനും ഖത്തറിന് പുറമേ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പതാകകളുമായി ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലേക്കൊഴുകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.