സാമൂഹിക മാധ്യമങ്ങളില്‍ അതിരുകടന്നാല്‍ സൈബര്‍ കുറ്റം
text_fieldsദോഹ: സാമൂഹിക മാധ്യമങ്ങളിലും ഇ മെയിലിലും സഭ്യമല്ലാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് സൈബര്‍ കുറ്റങ്ങളില്‍ പെടുമെന്ന് ആഭ്യന്തര മന്ത്രാലയം. ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് മന്ത്രാലയം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. മോശം പ്രയോഗങ്ങള്‍ താമാശകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണെങ്കിലും കുറ്റകരമായി പരിഗണിക്കും. അനുമതിയില്ലാതെ മറ്റുളളവരുടെ ചിത്രങ്ങളും വ്യക്തിപരമായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിക്കരുത്. ഇന്‍റര്‍നെറ്റ് വഴി മറ്റുളളവരുടെ ഫോട്ടോകളും അവരെ കുറിച്ചുള്ള വിവരങ്ങളും മോഷ്ടിക്കുന്നതും കുറ്റകരമായി പരിഗണിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നതും ബ്ളാക്മെയില്‍ ചെയ്യുന്നതും വ്യക്തിക്കോ കുടുംബത്തിനോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും കുറ്റകൃത്യങ്ങളില്‍ പെടും. 2014ലെ 14ാം നമ്പര്‍ നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയോ ഒരു ലക്ഷം റിയാലില്‍ കുറയാത്ത പിഴയോ, ഇത് രണ്ടും കൂടിയോ ലഭിക്കും.
സൈബര്‍ സുരക്ഷിതത്വത്തിനായുള്ള നിര്‍ദേശങ്ങളും മന്ത്രാലയം മുമ്പോട്ടുവെക്കുന്നുണ്ട്. ഇ മെയില്‍ വിലാസം സുരക്ഷിതമായി നിലനിര്‍ത്താന്‍ പാസ്വേര്‍ഡുകള്‍ ഇടക്കിടക്ക് മാറ്റണം. അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ത്തി പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമാവും. ഒന്നിലേറെ അകൗണ്ടുകളില്‍ ഒരേ യൂസര്‍നെയിമും പാസ്വേര്‍ഡും ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ധരിക്കുന്നതും പങ്കുവെക്കുന്നതും നമ്മെ ചതിക്കുഴികളില്‍ വീഴ്ത്തിയേക്കാം. നേരിട്ട് പരിചയമില്ലാത്തവരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തിന്‍െറ സുഹൃത്താണെങ്കില്‍ പോലും അത് സ്വീകരിക്കുന്നത് ഉചിതമല്ല.
അപരിചിതരില്‍ നിന്ന് വരുന്ന സംശയാസ്പദമായ മെയിലുകള്‍ തുറക്കുകയുമരുത്. ഇത്തരം മെയിലുകളില്‍ വരുന്ന അറ്റാച്ച്മെന്‍റുകള്‍ തുറക്കുന്നത് പലപ്പോഴും വൈറസുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടാന്‍ കാരണമാകും. ഇതേ കാരണത്താല്‍, സംശയമുള്ള ലിങ്കുകളില്‍ ക്ളിക്ക് ചെയ്യുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വിപണി വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ അതിന്‍െറ വിശ്വാസ്യത ഉറപ്പുവരുത്തണം. വ്യക്തഗതമായ പ്രധാന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഇന്‍റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും നിങ്ങളുടെയോ കുടുംബത്തിന്‍െറയോ സുഹൃത്തുക്കളുടെയോ സ്വകാര്യവിവരങ്ങള്‍ കൈമാറുകയുമരുത്. പരിചിതമല്ലാത്ത വെബ്സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ ഇടയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈംഗതയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും തുറക്കരുതെന്നും ഇത്തരം ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ഫില്‍ട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ കുറ്റങ്ങള്‍ ഗവണ്‍മെന്‍റ് വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 2347444 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ, cccc@moi.gov.qa എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.