സിറിയയില്‍ ഖത്തര്‍ ചാരിറ്റി 400 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നു
text_fieldsദോഹ: സിറിയന്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റി 400 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. മര്‍റാത്ത് അല്‍ നുമാന്‍ സിറ്റിക്കു സമീപത്തെ വാദി അല്‍ ദായിഫിലിയാണ് ഖത്തര്‍ ചാരിറ്റി ഭവന പദ്ധതി നടപ്പാക്കുക. ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടമായ ഗ്രാമീണര്‍ക്കാണ് പുതിയ വീടുകള്‍ ലഭിക്കുക. രണ്ടു മുറികള്‍, ഒരു അടുക്കള, ഒരു ശൗചാലയം എന്നിവ അടങ്ങിയതായിരിക്കും വീടുകള്‍. 400 വീടുകളിലായി 2,400 പേര്‍ക്കാണ് താമസിക്കാനാവുക. 50 ലക്ഷം റിയാലാണ് ഖത്തര്‍ ചാരിറ്റി ഇതിനായി ചിലവഴിക്കുന്നത്.
സിറിയയിലെ നിരവധി ഗ്രാമങ്ങളില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള പദ്ധതികളുടെ ഭാഗമായാണ് ഇതും ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്നത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും ഒരേ മേല്‍ക്കൂരക്ക് കീഴില്‍ താമസിക്കാനുമുള്ള അവസരമാണ് പുതിയ വീടുകള്‍ നല്‍കുക. തണുപ്പ് കാലം ആരംഭിക്കുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും വീടുകള്‍ പ്രദാനം ചെയ്യും.
തണുപ്പ് കാലത്തിന് ശക്തി നല്‍കാനായി സിറിയയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുന്നുണ്ട്. വീടുകള്‍ നിര്‍മിക്കുന്ന കാര്യത്തിന് ഖത്തര്‍ ചാരിറ്റി ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മനുഷ്യന്‍െറ അടിസ്ഥാന ആവശ്യം എന്ന നിലയിലാണ് ഭവന നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുന്നത്.
അതുകൊണ്ടുതന്നെ സിറിയയിലെ ഖത്തര്‍ ചാരിറ്റിയുടെ നിരവധി പദ്ധതികള്‍ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ അഭയാര്‍ഥികളായ സിറിയന്‍ ജനതക്ക് വേണ്ടി വീട് ഉള്‍പ്പെടെയുള്ള മാനുഷിക സേവനങ്ങള്‍ നല്‍കാന്‍ ഖത്തര്‍ ചാരിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ചാരിറ്റി റിലീഫ് കോ ഓഡിനേറ്റര്‍ മുഹമ്മദ് ജാസിം അല്‍ സുലൈത്തി പറഞ്ഞു. സിറിയന്‍ ജനതക്കായി ഖത്തര്‍ ചാരിറ്റി അനുവദിച്ച തുകയില്‍ 67 ശതമാനവും സിറിയക്ക് അകത്തുതന്നെയാണ് ചെലവഴിച്ചിട്ടുള്ളത്. ഖത്തര്‍ ചാരിറ്റി സിറിയയില്‍ നടപ്പാക്കിയ പദ്ധതികള്‍ 6,083,517 അഭയാര്‍ഥികള്‍ക്കാണ് ഉപകാരപ്പെട്ടത്. 2011 ഏപ്രില്‍ മുതല്‍ കഴിഞ്ഞ സെപ്തംബര്‍ വരെ 322,000,000 റിയാലിന്‍െറ പദ്ധതികളാണ് സിറിയയില്‍ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.