ഖത്തറില്‍ സ്വര്‍ണവില്‍പനക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി
text_fieldsദോഹ: പ്രാദേശിക വിപണിയില്‍ സ്വര്‍ണ വില്‍പനക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണ വില്‍പനക്കായി പൊലീസ് വകുപ്പില്‍ നിന്ന് എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന നിബന്ധന നിലവിലുണ്ട്. എന്നാല്‍, 18 വയസ്സ് പൂര്‍ത്തിയായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ മേലില്‍ എന്‍.ഒ.സി ലഭ്യമാവുകയുള്ളൂ. സൂഖ് വാഖിഫിലുള്ള പബ്ളിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റിലെ ‘ഗോള്‍ഡ് സെയില്‍ എന്‍.ഒ.സി’ ബ്യൂറോയില്‍ നിന്നാണ് എന്‍.ഒ.സി വാങ്ങേണ്ടത്. എന്‍.ഒ.സിക്ക് പത്ത് റിയാല്‍ അപേക്ഷ ഫീസ് നല്‍കണം. ഇത് ബാങ്ക് കാര്‍ഡ് മുഖേന അടക്കാവുന്നതാണ്.
വില്‍ക്കാനുള്ള ആഭരണങ്ങള്‍, തങ്കം, വാച്ച്, സ്വര്‍ണക്കട്ടി തുടങ്ങി ഏതുവിധേനയുള്ള സ്വര്‍ണവും എന്‍.ഒ.സി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.
കൂടാതെ സ്വര്‍ണം വാങ്ങിയപ്പോള്‍ ലഭ്യമായ ബില്ല് കൈവശമുണ്ടെങ്കില്‍ അതും സമര്‍പ്പിക്കേണ്ടതാണെന്ന് മന്ത്രാലയത്തിന്‍െറ ഫേസ്ബുക് അകൗണ്ടില്‍ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരും ഖത്തര്‍ നിവാസികളും തങ്ങളുടെ തിരിച്ചറിയല്‍ രേഖയും കാണിക്കണം. വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് പാസ്പോര്‍ട്ട് കാണിച്ചാല്‍ മതി.
ആണിനും പെണ്ണിനും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണം വില്‍ക്കാവുന്നതാണ്. കൂടാതെ, അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടിയും, ഭാര്യ, സഹോദരി, മാതാവ്, പിതാമഹി, പിതൃസഹോദരി, മാതൃ സഹോദരി എന്നിവര്‍ക്കും വേണ്ടിയും വില്‍ക്കാവുന്നതാണ്. എന്നാല്‍, യഥാര്‍ഥ ഉടമസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കേണ്ടതുണ്ട്. ഉടമസ്ഥരുടെ പ്രതിനിധികള്‍ക്കും ഇത്തരത്തില്‍ സ്വര്‍ണം വില്‍പന നടത്താവുന്നതാണ്.
എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡും വില്‍പന ബില്ലും ലഭ്യമാണെങ്കില്‍ അവയും ഹാജരാക്കണമെന്നുണ്ട്.
പൊതുജനങ്ങളുടെ വ്യക്തിപരമായ സമ്പാദ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.