ഗള്‍ഫിലേക്ക് കൊടുത്തയക്കുന്ന പൊതികളില്‍ മയക്കുമരുന്ന്
text_fieldsദോഹ: നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് വരുന്നവരുടെ കയ്യില്‍, അവരറിയാതെ ലഹരിവസ്തുക്കള്‍ കൊടുത്തയക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ബുധനാഴ്ച ദോഹയിലേക്ക് വന്ന പാനൂര്‍ തുവ്വക്കുന്ന് സ്വദേശിയായ അബ്ദുസലാം എന്ന യാത്രക്കാരന്‍െറ കയ്യിലാണ് വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കൊടുത്തയച്ചത്. വിമാനത്തില്‍ കയറുന്നതിന് മുമ്പേ തുറന്നുപരിശോധിച്ചതിനാലാണ് ഇയാള്‍ വലിയ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടത്. വക്റയിലെ കടയില്‍ സലാമിന്‍െറ കൂടെ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിക്ക് നല്‍കാന്‍ ഏല്‍പിച്ച പൊതിയിലാണ് കഞ്ചാവ് കണ്ടത്തെിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ രാമനാട്ടുകര വെച്ചാണ് പൊതി കൈമറിയത്. ഹലുവ, ചിപ്സ് തുടങ്ങിയ ബേക്കറി ഇനങ്ങളും ഒരു ജീന്‍സുമാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്. ജീന്‍സിന്‍െറ പോക്കറ്റില്‍ ചോക്കലേറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒന്നിച്ച് ജോലി ചെയ്യുന്നയാള്‍ക്ക് കൊടുക്കാനായതിനാല്‍ സംശയമൊന്നുമില്ലായിരുന്നു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വാഹനത്തില്‍ വെച്ച് തന്നെ പരിശോധിച്ചത്. തലനാരിഴക്ക് ലഹരികടത്ത് കേസില്‍ നിന്ന് രക്ഷപ്പെട്ടതിന്‍െറ ആശ്വാസത്തിലാണെന്നും ദൈവത്തോട് നന്ദി പറയുന്നതായും സലാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച വടകരയില്‍ നിന്ന് വന്ന മറ്റൊരു യാത്രക്കാരനും ഇതേ അനുഭവമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശിയുടെ പക്കല്‍ പരിചയക്കാരനായ യുവാവ് തന്നെയാണ് കഞ്ചാവ് അടങ്ങിയ പൊതി മറ്റെന്തോ ആണെന്ന് പറഞ്ഞ് നല്‍കിയത്. ലഗേജിന് തൂക്കം കൂടുതലാണെന്ന കാരണത്താല്‍ ഇത് നാട്ടില്‍ ഉപേക്ഷിച്ചുപോരുകയും, പിന്നീട് വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവാണെന്ന് കണ്ടത്തെുകയുമായിരുന്നു. യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍ പലരും ആവശ്യപ്പെട്ടെങ്കിലും അടുത്ത പരിചയക്കാരനാണെന്ന പരിഗണന നല്‍കി വിട്ടയക്കാന്‍ പറഞ്ഞത് പ്രവാസി തന്നെയായിരുന്നു. കുറ്റ്യാടി സ്വദേശിയുടെ പക്കല്‍ അച്ചാറാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കൊടുത്തുവിട്ട സംഭവവും മുമ്പ് ഖത്തറിലുണ്ടായിട്ടുണ്ട്. അച്ചാര്‍ കുപ്പിയില്‍ ബലൂണിനകത്ത് തിരുകിയും മറ്റുമാണ് ഇവ വിദഗ്ധമായി ഒളിപ്പിക്കുന്നത്.
നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് വരുന്ന യാത്രക്കാര്‍ ഇത്തരം ചതികളില്‍ പെട്ട് ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ അറിയാതെ മയക്കുമരുന്ന് വാഹകരായി പിടിക്കപ്പെട്ട നിരവധി മലയാളികള്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. മലപ്പുറം ജില്ലക്കാരാണ് ഏറ്റവും കൂടുതല്‍ ശിക്ഷക്ക് വിധേയമായിട്ടുള്ളത്. ഗള്‍ഫിലേക്ക് പോകുന്നവരെ സമീപിച്ച്, ലഹരി വസ്തുക്കള്‍ കടത്തുന്നതിന് നാട്ടില്‍ വന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തില്‍ വെച്ച് അത്യാവശ്യ വസ്തുവാണെന്ന മട്ടില്‍ നല്‍കുന്ന പൊതികളാണ് പലരേയും ചതിക്കാറുള്ളത്. ഭദ്രമായി പാക്ക് ചെയ്ത പൊതി അഴിച്ചുനോക്കാന്‍ മിക്കവരും തയാറാവില്ല. ഇങ്ങനെ പൊതി നല്‍കുന്നതിനായി സ്ത്രീകളെയും മറ്റും ഉപയോഗിക്കുന്നതായും സൂചനയുണ്ട്.
മയക്കുമരുന്നാണെന്ന് അറിയാതെ ലഗേജില്‍ കൊണ്ടുവരുന്ന ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ കൊടുത്തുവിട്ടവര്‍ രക്ഷപ്പെടും. സാധനം കടല്‍കടന്നാല്‍ കൊണ്ടുവന്നവര്‍ പോലുമറിയാതെ മയക്കുമരുന്ന് കടത്ത് നടക്കുകയും ചെയ്യുമെന്നതാണ് അവസ്ഥ. അപരിചിതരില്‍ നിന്ന് ഗള്‍ഫിലേക്ക് വരുന്നവര്‍ പൊതികളൊന്നും സ്വീകരിക്കരുതെന്നതിന് പുറമെ, അടുത്ത ആളുകള്‍ നല്‍കുന്നവ സൂക്ഷ്മമായി പരിശോധിക്കുകയുമാണ് ഇത്തരം കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.