ദോഹ മെട്രോ: ഖത്തര്‍ റെയില്‍ അനുബന്ധ നിര്‍മാണ കരാറുകള്‍ നല്‍കിത്തുടങ്ങി
text_fieldsദോഹ: ഖത്തര്‍ റെയില്‍ പദ്ധതിയുടെ തുരങ്കനിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായതോടെ, അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകള്‍ നല്‍കിത്തുടങ്ങി. 2019ല്‍ ആദ്യ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍, റെഡ്, ഗോള്‍ഡ്, ഗ്രീന്‍ പാതകളിലായി 37 സ്റ്റേഷനുകളാണുണ്ടാവുക. ദോഹ മെട്രോയുടെ ഈ സ്റ്റേഷനുകളില്‍ സ്ഥാപിക്കേണ്ട ഊര്‍ജ്ജക്ഷമതയുള്ള അഞ്ഞൂറോളം ഇലവേറ്ററുകളും, എസ്കലേറ്ററുകളും നിര്‍മിച്ചു നല്‍കുന്നതിനുള്ള കരാറുകള്‍ ഫിന്‍ലാഡ് ആസ്ഥാനമായ ‘കോണ്‍ കോര്‍പറേഷന്‍’ എന്ന പ്രമുഖ എസ്കലേറ്റര്‍ നിര്‍മാതാക്കള്‍ക്ക് കൈമാറി. 189 ഇലവേറ്ററുകളും, 253 എസ്കലേറ്ററുകളും, തറയിലൂടെ സ്വയം നീങ്ങുന്ന 102 ‘ഓട്ടോവാക്വേ’യുടെ നിര്‍മാണവുമാണ് കരാറില്‍പ്പെടുക. ഖത്തര്‍ റെയിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ കമ്പനിയുടെ സൗത്ത് യൂറോപ്പ്, മിന മേഖലയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് പിയറി ലിയറ്റ്വാഡ് പറഞ്ഞു.
മൂന്ന് ലൈനുകളെയും ബന്ധിപ്പിക്കുന്ന പ്രധാന ജംങ്ഷനായ മുശൈരിബ് സ്റ്റേഷന്‍െറ നിര്‍മാണ ജോലികളില്‍ വന്‍ പുരോഗതിയുണ്ടെന്ന് ഖത്തര്‍ ഇന്‍റഗ്രേറ്റഡ് റെയില്‍ പ്രോജക്ട് സീനിയര്‍ ഡയറക്ടര്‍ മാര്‍കസ് ഡെംലര്‍ അറിയിച്ചു. 2018ലാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തിയാവുക.
തുരങ്കനിര്‍മാണത്തിന്‍െറ 89 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുഴുവന്‍ തുരങ്കങ്ങളും ഈ വര്‍ഷം നവംബറില്‍ ഖത്തര്‍ റെയില്‍ ഏറ്റെടുക്കും. മൊത്തം 111 കിലോമീറ്ററുള്ള തുരങ്കപാതയില്‍ 99 കിലോമീറ്ററിന്‍െറ നിര്‍മാണം പൂര്‍ത്തിയായതായി ഖത്തര്‍ റെയില്‍ ഈമാസമാദ്യം വ്യക്തമാക്കിയിരുന്നു.
ഗ്രീന്‍ ലൈന്‍ പാതയുടെ തുരങ്കങ്ങള്‍ മുഴുവനായും, റെഡ് ലൈന്‍ വടക്ക് പാതയുടെയും തുരങ്ക നിര്‍മാണം കഴിഞ്ഞ മാര്‍ച്ചിലും പൂര്‍ത്തിയാക്കി. ഈ മാസത്തോടെ തുരങ്കങ്ങളുടെ ബാക്കിയുള്ള പണികളും തീര്‍ക്കും. നിലവില്‍ 37 സ്റ്റേഷനുകളുടെയും ഇലക്ട്രിക്കല്‍ സാമഗ്രികള്‍ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. അറേബ്യന്‍ പെണ്‍കുതിരയുടെ രൂപത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടുള്ള മെട്രോ കോച്ചുകളുടെ മാതൃക ഈയിടെ ഖത്തര്‍ റെയില്‍ പുറത്തുവിട്ടിരുന്നു. ഡ്രൈവര്‍ ആവശ്യമില്ലാത്ത, ഇത്തരം 75 ട്രെയിനുകളാണ് രാജ്യത്ത് ഓടുക.
മൂന്നു കോച്ചുകളുള്ള (കാര്‍സ്) മെട്രോ ട്രെയിനുകള്‍ ഇറക്കുമതി ചെയ്യുന്നത് ജപ്പാനില്‍നിന്നാണ്. ഇവയുടെ രൂപകല്‍പന നിര്‍വഹിച്ചതും നിര്‍മിക്കുന്നതും ജപ്പാനിലെ ഒസാക്കയിലെ കിന്‍കി ഷര്‍യോ എന്ന സ്വകാര്യ കമ്പനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.