പൊതുമാപ്പ്: നിയമവിരുദ്ധമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാകും
text_fieldsദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകും. ബുധനാഴ്ചയാണ് പൊതുമാപ്പ് വിവരം മന്ത്രാലയം വെളിപ്പെടുത്തിയത്.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് നിയമ നടപടികള്‍ കൂടാതെ നാട്ടിലേക്ക് പോകാനുളള പൊതുമാപ്പ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. നിലവില്‍ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്കെതിരെ കടുത്ത നടപടികളാണ് ഖത്തറിലുള്ളത്. താമസ കുടിയേറ്റ നിയമം ലംഘിക്കുന്നവര്‍ക്ക് 2009 ല്‍ പാസാക്കിയ നാലാം നമ്പര്‍ നിയമപ്രകാരമുള്ള ശിക്ഷാ വിധിപ്രകാരമുള്ള നടപടികളാണ് ഇന്നും തുടരുന്നത്. അത് അനുസരിച്ച് വിസ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുശേഷവും രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടത്തെിയാല്‍ അറസ്റ്റ് ചെയ്യുകയും 50000 ഖത്തര്‍ റിയാല്‍ പിഴയും മൂന്നുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കാണുകയും ചെയ്യും. ഇപ്പോള്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെര്‍ച്ച് ആന്‍റ് ഫോളോഅപ്പ് വിഭാഗത്തില്‍ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി 8 മണിവരെയുളള സമയത്താണ് അനധികൃത താമസക്കാര്‍ സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗത്തിലെത്തേണ്ടതെന്ന് ഖത്തര്‍ ആഭ്യന്തര വകുപ്പ് അധികൃതര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വിദേശികളുടെ രാജ്യത്തേക്കുളള വരവ്, താമസം, പുറത്ത് പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അവസാനം മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ നിയമത്തിന്‍െറ മുന്നൊരുക്കമായാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടി വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവര്‍, സന്ദര്‍ശക വിസയില്‍ രാജ്യത്തത്തെി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തുളളവര്‍, സന്ദര്‍ശക വിസയിലത്തെി കൃത്യസമയത്ത് തിരിച്ചു പോകാത്ത കുടുംബ വിസയിലുളളവര്‍ തുടങ്ങി രാജ്യത്തെ മുഴുവന്‍ അനധികൃത താമസക്കാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 2009 ലെ താമസ കുടിയേറ്റ നിയമമനുസരിച്ച് വിസ കാലവധി കഴിഞ്ഞാല്‍ 90 ദിവസത്തിനകം രാജ്യം വിടണം. ഈ നിയമം രാജ്യത്ത് നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ഇതിന് മുമ്പ് 2004 ലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരത്തോളം ആളുകള്‍ അന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ വിസാനിയമം പ്രഖ്യാപിക്കുന്നത് ഡിസംബര്‍ 13 ന് ആണ്. ഡിസംബര്‍ ഒന്നിന് പൊതുമാപ്പിന്‍െറ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടത്തൊന്‍ കര്‍ശന നടപടികള്‍ ആരംഭിക്കാനും സാദ്ധ്യത ഉണ്ട്. അതിനാല്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പൊതുമാപ്പ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന മുഴുവന്‍ ജനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് നിയമ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് അനധികൃത താമസക്കാരോട് വിവിധ പ്രവാസി സംഘടനകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.