സാറക്ക് അനുയോജ്യമായ മജ്ജ വേണം
text_fieldsദോഹ: അറബ്-ബ്രിട്ടീഷ് പൗരയായ 13 വയസുള്ള സാറ അല്‍ ശൈഖിന് അനുയോജ്യമായ മജ്ജ ദാനം ചെയ്യുന്നതിന് ഇനിയും ദാതാക്കളെ ലഭിക്കാത്തതിനാല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്ക്രീനിങ് സെന്‍റര്‍ തങ്ങളുടെ പ്രവൃത്തി സമയം നീട്ടിയതായി അറിയിച്ചു. ഫെബ്രുവരി 25 വരെ ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ എട്ട് വരെയായിരിക്കും കേന്ദ്രത്തിന്‍െറ പ്രവൃത്തി സമയം. ലുക്കീമിയ പിടിപെട്ട് ചികിത്സയിലായ സാറ അല്‍ ശൈഖിന്‍െറ ട്വിറ്റര്‍ പോസ്റ്റാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ പ്രവൃത്തിസമയം മാറ്റുന്നതിന് പ്രേരിപ്പിച്ചത്. പിതാവ് തുറന്നുകൊടുത്ത ട്വിറ്റര്‍ അക്കൗണ്ട് വഴി തന്‍െറ രോഗാവസ്ഥ പറഞ്ഞ സാറ അറബ്-ബ്രിട്ടീഷ് പൗരയായതിനാല്‍ വളരെ അപൂര്‍വമായി മാത്രം ലഭിക്കാന്‍ സാധ്യതയുള്ള മജ്ജയെ കുറിച്ച് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തു. സാമൂഹിക മാധ്യമ ലോകത്ത് നിന്നും ട്വീറ്റിന് വലിയ പിന്തുണയാണ് കിട്ടിയത്. 13,000ലധികം ആളുകള്‍ സാറയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പലരും സഹായം വാഗ്ദാനം ചെയ്ത് മുമ്പോട്ട് വരികയും ചെയ്തിട്ടുണ്ട്.
ഹാംസ്പെയര്‍ ആശുപത്രിയില്‍ കീമോ തെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സാറയിപ്പോള്‍. മിശ്ര ജനിതക പരമ്പരയായതിനാല്‍ സാറക്ക് ചികിത്സ നടത്തുന്നതിന് അനുയോജ്യമായ രക്തകോശം ലഭിക്കുക എളുപ്പമല്ളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ പോസ്റ്റിനെ തുടര്‍ന്ന് ആളുകളുടെ പ്രതികരണം വളരെ ആവേശം നല്‍കുന്നുവെന്നും നിരവധിയാളുകള്‍ ഇതിനകം മുമ്പോട്ട് വന്നിട്ടുണ്ടെന്നും സാറയുടെ പിതാവ് അല്‍ ശൈഖ് പറഞ്ഞു.
ഹമദ് ജനറല്‍ ആശുപത്രിയിലെ രക്തദാന കേന്ദ്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മൊബൈല്‍ രക്തദാന യൂണിറ്റിലാണ് സ്ക്രീനിങ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. ആരെങ്കികലും സഹായം വാഗ്ദാനം ചെയ്തുകൊണ്ട് എത്തുകയാണെങ്കില്‍ പാസ്പോര്‍ട്ട്, ഐഡികാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.