കുറഞ്ഞനിരക്കില്‍ ഇന്ത്യക്ക് പ്രകൃതിവാതകം; ഖത്തറുമായി കരാര്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യക്ക് കുറഞ്ഞനിരക്കില്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) നല്‍കാന്‍ ഖത്തര്‍ സമ്മതിച്ചു. ലോകത്തെ ഏറ്റവുംവലിയ എല്‍.എന്‍.ജി ഉല്‍പാദകരാജ്യമായ ഖത്തര്‍ നിലവില്‍ നല്‍കുന്നതിന്‍െറ പകുതി വിലയ്ക്കാണ് പുതുവര്‍ഷം മുതല്‍ ഇന്ത്യക്ക് വാതകം ലഭ്യമാക്കുക. ഇതുസംബന്ധിച്ച കരാര്‍ ഖത്തറിലെ റാസ് ഗ്യാസും ഇന്ത്യയുടെ മുഖ്യ എല്‍.എന്‍.ജി ഇറക്കുമതി സ്ഥാപനമായ പെട്രോനെറ്റും തമ്മില്‍ ഒപ്പുവെച്ചു. ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ് (എം.ബി.ടി.യു) വാതകം നിലവില്‍ 12-13 ഡോളറിനാണ് ഇന്ത്യ വാങ്ങുന്നത്. ഇനിമേല്‍ ഇത് 6-7 ഡോളറിന് ലഭിക്കും. പ്രതിവര്‍ഷം ഇതുവഴി 4000 കോടി രൂപയുടെ ലാഭം ഇന്ത്യക്കുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ അറിയിച്ചു. ഇതോടെ വില്‍പനക്കാരും വാങ്ങുന്നവരും എന്ന നിലയില്‍നിന്ന് ദീര്‍ഘകാല പങ്കാളികള്‍ എന്നനിലയിലേക്ക് ഇന്ത്യയും ഖത്തറും മാറുകയാണെന്ന് മന്ത്രി പറഞ്ഞു.
2004ല്‍ ഉണ്ടാക്കിയ വ്യാപാര ഉടമ്പടി പാലിക്കാന്‍ കഴിയാഞ്ഞതിന്‍െറ പേരില്‍ റാസ് ഗ്യാസ് പെട്രോനെറ്റിനുമേല്‍ ചുമത്തിയ 12,000 കോടി രൂപ പിഴയും ഒഴിവാക്കി. ഇരുസ്ഥാപനങ്ങളും തമ്മില്‍ 25 വര്‍ഷത്തെ വ്യാപാരക്കരാറിലേര്‍പ്പെട്ടിരുന്നു. വാങ്ങാമെന്നേറ്റ അളവിനെക്കാള്‍ 10 ശതമാനത്തിലധികം കുറവുവന്നാല്‍ പിഴ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, രാജ്യാന്തരവിപണിയില്‍ കുറഞ്ഞനിരക്കില്‍ വാതകം ലഭ്യമായതോടെ വാങ്ങുന്ന അളവില്‍ കുറവുവരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതമായി. ഇറക്കുമതി ചെയ്യേണ്ടതിന്‍െറ 30 ശതമാനം കുറവുവന്നതിനാണ് വന്‍തുക പിഴയിട്ടത്.
ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിച്ചവേളയില്‍ പിഴ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു. നവംബറില്‍ ഊര്‍ജമന്ത്രിമാരുടെ യോഗത്തിനുശേഷം അമീറുമായി മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുലഭിച്ചത്. ഖത്തറില്‍നിന്ന് ലഭിക്കുന്ന വാതകം കുറഞ്ഞവിലയില്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് പെട്രോനെറ്റ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുമായും കരാറുണ്ടാക്കിയിട്ടുണ്ട്. പിഴ ഒഴിവാക്കിയും വിലകുറച്ചും എല്‍.എന്‍.ജി ലഭിക്കുന്ന കരാര്‍ നിലവില്‍വന്നതോടെ വിപണിയില്‍ പെട്രോനെറ്റ് ഓഹരികള്‍ക്ക് മൂല്യമേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.