തൊഴിലുടമയെ കൊന്ന് രാജ്യംവിട്ട അഞ്ച് പേര്‍ക്ക് വധശിക്ഷ
text_fieldsദോഹ: തൊഴിലുടമയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചതായി പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ളാദേശ് സ്വദേശികളായ റെബോന്‍ ഖാന്‍, ദീനുല്‍ ഇസ്ലാം അസീസുല്‍റഹ്മാന്‍, മുഹമ്മദ് റാഷിദ് മുഹമ്മദ്, മുഹമ്മദ് റുസൈല്‍, നേപ്പാള്‍ സ്വദേശിയായ സഹ്താജ് ശൈഖ് എന്നിവര്‍ക്കെതിരെയാണ് ഇവരുടെ അസാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്. കൃത്യത്തിന് ശേഷം ഇവര്‍ രാജ്യം വിട്ടിരുന്നു. അഞ്ചുപേരെയും വെടിവെച്ചുകൊല്ലാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2014 ജനുവരി ഒമ്പതിന് രാവിലെയായിരുന്നു സംഭവം. കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഷണം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2015 ഡിസംബര്‍ 31ന് ആണ് വിധി പ്രഖ്യാപിച്ചത്.
നിര്‍മാണം നടക്കുന്ന വീട്ടില്‍ വെച്ച് മറ്റ് തൊഴിലാളികളെയെല്ലാം ബാത്ത്റൂമില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് കോടതി വിധി ഉദ്ധരിച്ച് വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പിറ്റേന്നാണ് കണ്ടത്തെിയത്. ആളെ കാണാനില്ളെന്ന ഭാര്യയുടെ പരാതി അറിഞ്ഞ് അന്വേഷിക്കാനത്തെിയ സഹോദരനാണ് നിര്‍മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടത്. ചുറ്റിക കൊണ്ട് നിരവധി തവണ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തൊഴിലുടമയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്‍െറ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ എക്സിറ്റ് പെര്‍മിറ്റ് സംഘടിപ്പിച്ച് രാജ്യം വിടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരിച്ച വ്യക്തിയുടെ പേരോ രാജ്യമോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇതിനുമുമ്പും നിരവധി കേസുകളില്‍ കോടതി വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല. സ്വന്തം രാജ്യത്തേക്ക് കടന്ന പ്രതികളെ തിരികെകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമല്ല.
സമാനമായ മറ്റൊരു സംഭവത്തില്‍ സ്പോണ്‍സറെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ നാല് ഈജിപ്ത് സ്വദേശികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദോഹ ക്രിമിനല്‍ കോടതി 15 വര്‍ഷത്തെ കഠിനതടവ് വിധിച്ചിരുന്നു. പ്രതികളുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. സ്പോണ്‍സറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം എക്സിറ്റ് പെര്‍മിറ്റില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ശേഷം ഇവര്‍ രാജ്യം വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പ്രതികാരമനോഭാവത്തോടെയുള്ള ശാരീരീക പീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഈ കേസില്‍ പബ്ളിക് പ്രോസിക്യൂഷന്‍ പ്രധാനമായി ചുമത്തിയത്. ആയുധങ്ങള്‍ കൈവശം വെക്കല്‍, സ്പോണ്‍സറുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്‍െറ വീട്ടില്‍ കുറ്റകൃത്യം ചെയ്യണമെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കടക്കല്‍ എന്നീ കേസുകളും ചുമത്തിയിരുന്നു. 7,000 ഖത്തര്‍ റിയാലാണ് സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് അക്രമി സംഘം കവര്‍ന്നത്. 2013 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.