പ്രവാസി ഭാരതീയ ദിനം ആഘോഷിച്ചു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം പ്രവാസി ഭാരതീയ ദിനം ആഘോഷിച്ചു. ദോഹ മാരിയറ്റ് ഹോട്ടലില്‍ നടന്ന ആഘോഷപരിപാടികളില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി), ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് (ഐ.ബി.പി.എന്‍), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫണ്ട് (ഐ.സി.ബി.എഫ്) എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ മുഖ്യാതിഥി ആയിരുന്നു. പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്ക് മുമ്പില്‍ മൗനമാചരിച്ചാണ് ചടങ്ങ് തുടങ്ങിയത്. ഖത്തറില്‍ നിന്ന് പ്രവാസി ഭാരതീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അഡ്വ. സി.കെ. മേനോന്‍, ഹസന്‍ ചോഗ്ളേ തുടങ്ങിയവരുടെ സേവനങ്ങളെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു. ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഖത്തര്‍ നേതൃത്വവും ഖത്തരി സമൂഹവും നല്‍കുന്ന സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ പ്രസംഗം തത്സമയ വെബ്കാസ്റ്റങും നടന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചുള്ള അവതരണവും നടന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ വാരാചരണം ഫെബ്രുവരി 13 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ഐ.ബി.പി.എന്‍. പ്രസിഡന്‍റ്കെ.എം. വര്‍ഗീസ്, ബേബി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.സി.പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി നന്ദിയും പറഞ്ഞു. ഖത്തറില്‍ ഇതാദ്യമായാണ് പ്രാദേശികമായി ഇന്ത്യന്‍ സമൂഹം പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നതെന്ന് ഗിരീഷ്കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.