ഗ്രൂപ്പ് ജേതാക്കളായി ഖത്തര്‍
text_fieldsദോഹ: അണ്ടര്‍ 23 ഏഷ്യന്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ആധികാരിക ജയത്തോടെ ഖത്തര്‍ ഗ്രൂപ്പ് ജേതാക്കളായി. അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറിയയെ ഫെലിക്സ് സാഞ്ചസിന്‍െറ കുട്ടികള്‍ തകര്‍ത്തുവിട്ടത്. മറ്റൊരു മത്സരത്തില്‍ ഇറാന്‍ വിജയവഴിയില്‍ തിരിച്ചത്തെി. അവസാന മത്സരത്തില്‍ ചൈനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പേര്‍ഷ്യക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നാട്ടുകാര്‍ക്ക് മുന്നില്‍ ആക്രമണോത്സുക ഫുട്ബോള്‍ കാഴ്ച വെച്ചാണ് ഖത്തര്‍ വിജയം നേടിയത്. ചൈനക്കെതിരെ മൂന്ന് ഗോളടിച്ച് നേടിയ ജയത്തിന്‍െറ ആത്മവിശ്വാസത്തിലത്തെിയ സിറിയ ഖത്തറിന് ചെറുതല്ലാത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കിക്കോഫ് വിസില്‍ മുഴങ്ങി നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ സിറിയ ഖത്തറിനെ ഞെട്ടിച്ചു. യൂസുഫ് കല്‍ഫയാണ് സിറിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. എന്നാല്‍ പത്താം മിനുട്ടില്‍ ചാമ്പ്യന്‍ഷിപ്പിലെ നാലാം ഗോള്‍ കണ്ടത്തെി ക്യാപ്റ്റന്‍ അബ്ദുല്‍ കരീം ഹസന്‍ അന്നാബികള്‍ക്ക് തുല്യത നേടിക്കൊടുത്തു. 24ാം മിനുട്ടില്‍ അഹ്മദ് അലാ ഖത്തറിനായി ലീഡുയര്‍ത്തിയതോടെ സിറിയ നന്നായി വിയര്‍ത്തു. സമനിലക്കായി ശ്രമിക്കുന്നതിനിടെ കൂനിന്‍മേല്‍ കുരുവായി മൂന്നാം ഗോളും എത്തി. 28ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ അല്‍ മുഇസ്സ് അലി ഗോളിയെയും മറി കടന്ന് ഗോളിലേക്ക് നിറയൊഴിച്ചു.
കളിയില്‍ ഗോള്‍ മഴ പെയ്യുമെന്നുള്ള വിശ്വാസത്തില്‍ രണ്ടാം പകുതി ആരംഭിച്ചെങ്കിലും പതിവിലും കരുത്തുമായും മികച്ച ആക്രമണങ്ങളുമായുമാണ് സിറിയന്‍ ടീം കളത്തിലിറങ്ങിയത്. ശക്തമായ പ്രത്യേക്രമണങ്ങളുമായി സിറിയ കളം വാണപ്പോള്‍ ഖത്തര്‍ പതറി. അത്തരമൊരു മുന്നേറ്റത്തിനിടെ സിറിയന്‍ താരത്തെ വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ ഗാലറി നിശബ്ദമായി. കഴിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി തടുത്തിട്ട ഗോളി മുഹന്നദിക്ക് ഉമര്‍ കര്‍ബിന്‍ എടുത്ത കിക്ക് തടയാനായില്ല. എങ്കിലും തൊട്ടടുത്ത മിനുട്ടില്‍ തന്നെ പന്തുമായി മുന്നേറിയ അലാ ഖത്തറിന്‍െറ ഗോള്‍ നേട്ടം ഇരട്ടിയാക്കിയപ്പോള്‍ ഗാലറി ആവേശത്തിലാണ്ടു. മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്‍റ് നേടി ഖത്തര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.
രണ്ട് ജയവും ഒരു തോല്‍വിയുമായി ഇറാന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. പൊരുതിക്കളിച്ച ചൈനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറാന്‍ വിലപ്പെട്ട ജയം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.