എണ്ണ വിലത്തകര്‍ച്ച പൗരന്‍മാരെ ബാധിക്കരുത് -അമീര്‍
text_fieldsദോഹ: എണ്ണ വിലത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങള്‍ വിലയേറിയതാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഈ സാഹചര്യം പൗരന്മാരെയും അവരുടെ ജീവിതത്തെയും ബാധിക്കാന്‍ ഇടവരുത്തരുത്. നിക്ഷേപങ്ങള്‍ക്ക് വിലങ്ങുതടിയായി വരുന്ന കാര്യങ്ങള്‍ നീക്കണം. ആഭ്യന്തര-വിദേശ നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ചില പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നണ്ട്. സമയാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വരുത്തേണ്ടതു ണ്ട്. എന്നാല്‍ മാത്രമേ നമുക്ക് ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ. അതിന് കഠിന പ്രയത്നം ആവശ്യമാണെന്നും ഇതിനായി ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമീരി ദീവാനിയില്‍ ചേര്‍ന്ന, പുന:സംഘടനക്ക് ശേഷമുള്ള മന്ത്രിസഭ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍. പുതുതായി മന്ത്രിസഭയിലേക്ക് വന്നവരെ അമീര്‍ സ്വാഗതം ചെയ്തു.
പൗരന്മാരുടെ വിശ്വാസ്യത നേടിയെടുക്കുകയെന്നത് വലിയ നേട്ടമാണ്. ഉദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കുമിടയിലുളള പരസ്പരവിശ്വാസം പ്രധാനമാണെന്നും ഇത് വിശാലമാക്കണമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധനവിലയുടെ തകര്‍ച്ച നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഭയപ്പെടാനും പരിഭ്രമിക്കാനും ഒന്നുമില്ല. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് പാഠങ്ങളുള്‍കൊള്ളുകളയും നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടുകയും വേണം. ഇത് ഭാവിയില്‍ ഗുണം ചെയ്യും. രാജ്യത്തിന്‍െറ വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവല്‍കരിക്കപ്പെടുന്നതിന്‍െറ ആവശ്യകത താന്‍ മുമ്പേ വ്യക്തമാക്കിയതാണ്. ചില മേഖലകളില്‍ ഇനിയും പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും അമീര്‍ ഓര്‍മിപ്പിച്ചു.
നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യം പുരോഗതിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. രാജ്യത്ത് നടക്കുന്ന പദ്ധതികളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. സാമ്പത്തിക കുതിച്ചു ചാട്ടം ചിലമേഖലകളില്‍ അലസത ഉണ്ടാക്കിയിട്ടുണ്ട്. ഇത് അസ്വീകാര്യമാണ്. തെറ്റുകള്‍ മനുഷ്യസഹജമാണ്. നമ്മുടെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആത്മാര്‍ഥതയെയും സുതാര്യതയെയും സംബന്ധിച്ച് ബോധവാന്‍മാരാണ്. സാമ്പത്തിക രംഗത്തും ഭരണനിര്‍വഹണ രംഗത്തുമുള്ള അഴിമതി വളരെ അപകടകരമാണ്. ഇത് ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ സാധ്യമല്ല. അഴിമതി നമ്മുടെ സ്ഥാപനങ്ങളെ തളര്‍ത്തും. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. അവയെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പരസ്പരം സഹകരണം നിര്‍ബന്ധമാണെന്നും ഇത് എല്ലാവരുടെയും പരസ്പര ഉത്തരവാദിത്തമാണെന്നും അമീര്‍ പറഞ്ഞു. ഭാവിയിലേക്കാണ് നാം ഉറ്റുനോക്കേണ്ടതെന്ന് വ്യക്തമാക്കിയ അമീര്‍ എന്നാല്‍ നമ്മുടെ ശ്രദ്ധ സുരക്ഷ, സാമ്പത്തിക മേഖലകളില്‍ മാത്രം ഒതുങ്ങാന്‍ പാടില്ളെന്നും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളും ഖത്തരി സായുധസേന വികസനത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഓര്‍മിപ്പിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.