ഒളിമ്പിക്സ് ബോക്സിങ്, വോളിബാള്‍ ഇനങ്ങളില്‍ ഖത്തര്‍ മത്സരിക്കും
text_fieldsദോഹ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ചരിത്രത്തിലിതാദ്യമായി ബോക്സിങ്, വോളിബാള്‍ വിഭാഗങ്ങളില്‍ ഖത്തര്‍ മത്സരിക്കും. രണ്ട് ഇനങ്ങളിലും ഖത്തര്‍ യോഗ്യത നേടിയിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലും ഒളിമ്പിക്സില്‍ ഖത്തര്‍ ആദ്യമായാണ് മത്സരിക്കുന്നത്. ബോക്സിങില്‍ ലൈറ്റ്വെയ്റ്റ് 60 കിലോഗ്രാം വിഭാഗത്തില്‍ ഖത്തറിന്‍െറ ഹകന്‍ എറെസ്കര്‍ ഒളിമ്പിക്സ് യോഗ്യത നേടി. ബാകുവിലെ അസേരി സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഹകന്‍ എറെസ്കറിന് യോഗ്യത ലഭിച്ചത്. 92 രാജ്യങ്ങളില്‍ നിന്നായി 375 ബോക്സര്‍മാരാണ് ഒളിമ്പിക്സ് യോഗ്യതക്കായി പോരാട്ടത്തിനിറങ്ങിയത്. ദേശീയ ബീച്ച് വോളിബാള്‍ ടീമും ഇതാദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടി. എ.വി.സി കോണ്ടിനെന്‍റല്‍ കപ്പില്‍ ചൈനയെ പരാജയപ്പെടുത്തിയതോടെയാണ് ആദ്യമായി ഖത്തര്‍ ടീമിന് യോഗ്യത ലഭിച്ചത്. 1821, 2624, 1511 എന്ന സ്കോറിനാണ് ഖത്തര്‍ ചൈനയെ തകര്‍ത്തത്.
വെയ്റ്റ്ലിഫ്റ്റിങ് താരം ഫാരിസ് ഇബ്രാഹിമും റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ആറാം ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങുന്ന ഷൂട്ടര്‍ നാസര്‍ സ്വാലിഹ് അല്‍ അത്വിയ്യ, രണ്ടാം ഒളിമ്പിക്സിനിറങ്ങുന്ന ഹൈജംപ് താരം മുഅ്തസ് ബര്‍ഷിം, നീന്തല്‍ താരം നദ അര്‍ഖജി എന്നിവരും റിയോയില്‍ ഖത്തറിന്‍െറ പ്രതീക്ഷകളാണ്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നദ മത്സരിച്ചിരുന്നു. ലണ്ടനില്‍ നാല് വനിതകളാണ് ഖത്തറിനായി മത്സരിച്ചതെങ്കില്‍ ഇത്തവണ രണ്ടു വനിതകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നാണറിയുന്നത്. റിയോയില്‍ മത്സരിക്കുന്ന ഖത്തരി താരങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഖത്തറിന്‍െറ ചീഫ് ഡി മിഷന്‍ ടു റിയോ മുഹമ്മദ് അല്‍ ഫദാല പറഞ്ഞു. ഒളിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങള്‍ ജൂലൈ വരെ നടക്കുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് യോഗ്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ഹാന്‍ഡ്ബാള്‍ ടീമും എക്വസ്ട്രിയന്‍ ജമ്പിങ് ടീമും ഇതാദ്യമായി ഒളിമ്പിക്സില്‍ മത്സരിക്കും. കഴിഞ്ഞവര്‍ഷം ഖത്തറില്‍ നടന്ന പുരുഷ ഹാന്‍ഡ്ബാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ രണ്ടാമതത്തെിയിരുന്നു. അബൂദബിയില്‍ നടന്ന എഫ്.ഇ.ഐ നേഷന്‍സ് കപ്പില്‍ രണ്ടാം തലത്തില്‍ ഖത്തര്‍ എക്വസ്ട്രിയന്‍ ജമ്പിങ് ടീം വിജയിച്ചിരുന്നു. ഒളിമ്പിക്സിന് മത്സരിക്കുന്ന ഖത്തറിന്‍െറ ഏറ്റവും പ്രായംകുറഞ്ഞ താരം നീന്തല്‍ താരം നോഹ് അല്‍ ഖുലൈഫിയാണ്. ഏഷ്യന്‍ ചാമ്പ്യന്‍ മുഹമ്മദ് അല്‍ഗര്‍നി (1500 മീറ്റര്‍), ഹാമര്‍ ത്രോയില്‍ രണ്ട് തവണ ലോക ജൂനിയര്‍ ചാംപ്യനായ അഷ്റഫ് എല്‍സീഫി, 400 മീറ്ററില്‍ 2016ലെ ലോക ഇന്‍ഡോര്‍ ചാംപ്യനായ അബ്്ദുല്‍അലേല ഹാറൂണ്‍, 100 മീറ്ററില്‍ നിലവിലെ ഏഷ്യന്‍ റെക്കോഡിന് ഉടമയായ ഫെമി ഒഗുനോഡെ, സ്കീറ്റ് ഷൂട്ടിങിലും ടേബിള്‍ ടെന്നീസിലും മല്‍സരിക്കുന്ന റാഷിദ് ഹമദ്, ലീ പെങ് എന്നിവരാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്ന മറ്റു താരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.