പെട്ടിയിലായ വോട്ടുകളോര്‍ത്ത് മനംവെന്ത് പ്രവാസികളും
text_fieldsദോഹ: കേരള നിയമസസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, പ്രവാസി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നെഞ്ചിടിപ്പേറി. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ചൂടേറി.
തെരഞ്ഞെടുപ്പ് ഫലം തല്‍സമയം ടെലിവിഷനില്‍ കാണാനും വിലയിരുത്തുന്നതിനും വിവിധ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളായ പ്രവാസി സംഘടനകളുടെ ഓഫിസുകളില്‍ ഒരുക്കങ്ങള്‍ നടക്കുന്നു. ഹിലാലിലെ കെ.എം.സി.സി ഓഫീസില്‍ വലിയ സ്ക്രീനില്‍ തെരഞ്ഞെടുപ്പ് ഫലം കാണാനും വിലയിരുത്താനും പ്രവര്‍ത്തകര്‍ ഒത്തുകൂടും. നുഐജയിലെ കള്‍ചറല്‍ ഫോറം ആസ്ഥാനത്തും തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നുണ്ട്. സംസ്കൃതി പ്രവര്‍ത്തകരും ഒരുമിച്ചാണ് ഫലമറിയാനിരിക്കുക. നേതാക്കളില്‍ ആരുടെയെങ്കിലും വീട്ടിലായിരിക്കുമെന്ന് മാത്രം. എക്സിറ്റ് പോളിലെ തോല്‍വി പ്രചാരണം കാരണം, ഇന്‍കാസ് വോട്ടെണ്ണല്‍ ദിനത്തെ എങ്ങനെ വരവേല്‍ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. യു.ഡി.എഫ് ജയിച്ചാല്‍ ഇന്‍കാസ് ഓഫീസിലും ആഘോഷങ്ങള്‍ നടക്കുമെന്ന് തീര്‍ച്ച. എല്‍.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന പ്രവാസി നേതാക്കള്‍ക്ക് പങ്കുവെക്കാനുള്ളത്. ആശങ്കകള്‍ ഉള്ളിലൊതുക്കിയുള്ള അവകാശവാദങ്ങളാണ് എല്ലാവരും ഉയര്‍ത്തുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആഘോഷിക്കുന്നതില്‍ കാര്യമില്ളെന്നും നേരി ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് തന്നെ അധികാരത്തില്‍ വരുമെന്നും കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. നേരിയ ഭൂരിപക്ഷമാണെങ്കിലും യു.ഡി.എഫിന് തന്നെയാണ് സാധ്യത. 70-75 സീറ്റുകളെങ്കിലും ലഭിക്കും. മലബാറില്‍ യു.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാവും. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് സീറ്റുകള്‍ രണ്ടില്‍ നിന്ന് മൂന്നായും കോഴിക്കോട് മൂന്നില്‍ നിന്ന് ആറായും ഉയര്‍ത്തും. മലപ്പുറത്ത് 14 സീറ്റുകളെങ്കിലും നേടും. കോഴിക്കാടും ചില സീറ്റുകള്‍ പിടിച്ചെടുക്കും. സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്ത് 3,000 മുതല്‍ 6,000 വരെ ഭൂരിപക്ഷത്തിന് പി.ബി അബ്ദുറസാഖ് ജയിക്കും. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിടെ ധാരണയുണ്ടെന്നത് ബലപ്പെടുത്തുന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.
എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളില്‍ ഇരിക്കാന്‍ പോലും അവരുടെ ആളില്ലാത്ത അവസ്ഥയായിരുന്നു. അവിടെ സി.പി.എം വോട്ട് ഒരുകാലത്തും യു.ഡി.എഫിന് ലഭിച്ചിട്ടില്ളെന്നും അത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി നേതാവ് കൂടിയായ പാറക്കല്‍ അബ്ദുല്ല നാലായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സി.പി.എം അനുകൂല സംഘടനയായ സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറി ഇ.എ സുധീര്‍ പറഞ്ഞു. 90 സീറ്റിന് മുകളില്‍ എല്‍.ഡി.എഫ് നേടും. അത് നൂറായാലും അല്‍ഭുതപ്പെടേണ്ടതില്ല. തെരഞ്ഞെടുപ്പ് കാലത്ത് തുടക്കം മുതല്‍ ഒടുക്കം വരെ ഇടതുപക്ഷത്തിന് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുണ്ടായിരുന്നത്. വടക്കന്‍ കേരളത്തില്‍ മുമ്പത്തേക്കാള്‍ മികച്ച വിജയം എല്‍.ഡി.എഫ് നേടും. കണ്ണൂരിലും കോഴിക്കോട്ടും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗിന്‍െറ ശക്തിദുര്‍ഗമായ മലപ്പുറത്ത് രണ്ട് സീറ്റെങ്കിലും അവരില്‍ നിന്ന് പിടിച്ചെടുക്കും. സ്വന്തം മണ്ഡലമായ ഇരിങ്ങാലക്കുട മൂന്ന് പ്രാവശ്യം യു.ഡി.എഫ് തുടര്‍ച്ചയായി ജയിച്ചതാണ്. ഇത്തവണ തോമസ് ഉണ്യാടനില്‍ നിന്ന് എല്‍.ഡി.എഫിന്‍െറ കെ.വി അരുണന്‍ പിടിച്ചെടുക്കും. തൃശൂരില്‍ പത്മജ വേണുഗോപാല്‍ അടക്കം പരാജയപ്പെടും. ചേലക്കര മാത്രമാണ് എല്‍.ഡി.എഫിന് പ്രതീക്ഷയില്ലാത്ത സീറ്റെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷം പോലും അംഗീകരിക്കുന്നില്ളെന്ന് ഒ.ഐ.സി.സി (ഇന്‍കാസ്) ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കൂറ്റ് പറഞ്ഞു. രണ്ടാഴ്ച മുമ്പേ നടത്തിയ സര്‍വേകളാണ് എക്സിറ്റ് പോള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. നേരിയ വ്യത്യാസത്തിന് യു.ഡി.എഫ് തന്നെ തിരിച്ചുവരും. എന്‍.ഡി.എക്ക് സീറ്റ് കിട്ടുമെന്ന് പറയുന്നതും വിശ്വാസ്യയോഗ്യമല്ല. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പ്രചാരണരംഗത്ത് ഓളമുണ്ടാക്കിയിട്ടുണ്ടെങ്കിലും ജയിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്ന കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അതുകൊണ്ട് തന്നെ യു.ഡി.എഫ് തിരിച്ചുവരും. സ്വന്തം മണ്ഡലമായ പാലായില്‍ കെ.എം മാണി തന്നെ ജയിക്കും. കോട്ടയത്ത് വൈക്കം മണ്ഡലം മാത്രമാണ് യു.ഡി.എഫിന് സംശയമുള്ളത്. ബാക്കിയെല്ലാം തൂത്തുവാരുമെന്നും ജോപ്പച്ചന്‍ പറഞ്ഞു.
കേരളത്തില്‍ രണ്ട് മുന്നണികള്‍ വന്നാലും ജനങ്ങള്‍ക്ക് ഒരുപോലെയാണെന്ന് കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എന്നത് എല്‍.ഡി.എഫും കൈവിട്ടിരിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ഇരുമുന്നണികളും കാഴ്ചവെക്കുന്നത്. എങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മുന്നണി കാലുറപ്പിക്കാതിരിക്കാന്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിന്‍െറ മനസ് എല്‍.ഡി.എഫിനോട് ചേര്‍ന്നാണ് ഇത്തവണ നിന്നത്. അതിനാല്‍ അവര്‍ ഭരണത്തിലത്തെുമെന്നാണ് കരുതുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും ഇത്തവണ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.
ബൂത്ത് തലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ കേരളത്തിന്‍െറ എല്ലാ ഭാഗങ്ങളിലും പരിചയപ്പെടുത്താന്‍ കഴിഞ്ഞു. അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തെളിയിക്കും. പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം മത്സരിച്ച മങ്കട, സെക്രട്ടറി റസാഖ് പാലേരി മത്സരിച്ച പേരാമ്പ്ര, പൊന്നാനി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെല്ലാം നല്ല മത്സരം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.