ആകാശമോഹം സഫലമാക്കി ജാസിം
text_fieldsദോഹ: ഖത്തറില്‍ പഠിച്ച് ഇവിടെ തന്നെ പൈലറ്റാവുന്ന മലയാളിയെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശി ജാസിം സലീം ചാലംഗല്‍. ഇന്നലെ ദോഹ റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഖത്തര്‍ ഗതാഗത-കമ്യൂണിക്കേഷന്‍ മന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈത്തിയില്‍ നിന്നാണ് ജാസിം ബിരുദം സ്വീകരിച്ചത്. ഖത്തര്‍ എയറോനോട്ടിക്കല്‍ കോളജില്‍ നാല് വര്‍ഷത്തെ ഡിപ്ളോമ കോഴ്സ് 2015 ആഗസ്റ്റിലാണ് പൂര്‍ത്തിയാക്കിയത്. കോളജില്‍ ഉന്നതവിജയം നേടിയ ജാസിമിന് നാല് മാസം മുമ്പ് ഖത്തര്‍ എയര്‍വെയ്സില്‍ പൈലറ്റായി നിയമനവും ലഭിച്ചു. കോളജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാച്ചിലെ മികച്ച വിദ്യാര്‍ഥികളിലൊരാള്‍ എന്ന ബഹുമതിയും ജാസിം സ്വന്തമാക്കി. ഈ പുരസ്കാരവും പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗതാഗത മന്ത്രി തന്നെയാണ് സമ്മാനിച്ചത്.
പെരുമ്പാവൂര്‍ ഒന്നാംമൈല്‍ സ്വദേശിയും ഉരീദുവില്‍ ജീവനക്കാരനുമായ സലീം ബുഹാരിയുടെയും ദോഹയില്‍ സ്മാര്‍ട്ട് നഴ്സറി നടത്തുന്ന ജാസ്മിന്‍െറയും നാല് മക്കളില്‍ മൂത്തയാളാണ് ജാസിം. ചെറുപ്പം മുതല്‍ ദോഹയിലുള്ള ജാസിമിന്‍െറ കുഞ്ഞിലേയുള്ള ആഗ്രഹമാണ് വിമാനം പറത്തുകയെന്നത്. അവധി ചെലവഴിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രകള്‍ക്കിടെയാണ് കുഞ്ഞുമനസില്‍ ആകാശം മുട്ടുന്ന മോഹം നാമ്പിട്ടതും വളര്‍ന്നതും. വിമാനയാത്രക്കിടെ ചെറുപ്പത്തില്‍ പൈലറ്റിനെ കാണണമെന്നതും കോക്പിറ്റില്‍ കയറണമെന്നതും ജാസിമിന്‍െറ സ്ഥിരം ആഗ്രഹമായിരുന്നുവെന്ന് പിതാവ് സലീം പറഞ്ഞു. എയര്‍ ഹോസ്റ്റസുമാരോട് അവന്‍ തന്നെയാണ് ആവശ്യം ഉന്നയിക്കാറുള്ളത്. ആദ്യം നിരസിക്കുമെങ്കിലും നിഷ്കളങ്ക ബാലന്‍ എന്ന ‘ഇമേജില്‍’ ഈ ആവശ്യം പലപ്പോഴും നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകാശയാത്രകളില്‍ രൂപംനല്‍കിയ ജീവിതാഭിലാഷം യാഥാര്‍ഥ്യമാക്കാന്‍ നന്നായി പ്രയത്നിച്ചാണ് ജാസിം ഖത്തര്‍ എയറോനോട്ടിക്കല്‍ കോളജില്‍ നിന്ന് ബിരുദവും എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സും കരസ്ഥമാക്കിയത്. പ്രീ പ്രൈമറി മുതല്‍ ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ പഠിച്ച ജാസിം എല്ലാ വിഷയത്തിലും എ വണ്‍ ഗ്രേഡോടെ വിജയിച്ച ശേഷമാണ് എയറോനോട്ടിക്കല്‍ കോളജില്‍ ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.