മെട്രോ ടിക്കറ്റ് നിരക്ക് എല്ലാ വിഭാഗം ജനങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതാകും
text_fieldsദോഹ: ഖത്തറില്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്ന ദോഹ മെട്രോയില്‍ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ താങ്ങാന്‍ കഴിയുന്നതായിരിക്കുമെന്ന് വെളിപ്പെടുത്തല്‍. ഖത്തര്‍ റെയില്‍ സി.ഇ.ഒ. ഡോ.സാദ് അല്‍ മുഹന്നദി അറിയിച്ചതാണ് ഇക്കാര്യം. സൈറ്റുകള്‍, സേവനങ്ങള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെ ദോഹ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തന ചെലവ് വീണ്ടെടുക്കാനുള്ള ആലോചനകളും നടക്കുന്നു. ടിക്കറ്റ് നിരക്ക് മെക്കാനിസം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ ഖത്തര്‍ റെയില്‍ പദ്ധതിയുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ദോഹ മെട്രോയുടെ പ്രവര്‍ത്തനം സംബന്ധിച്ച ദര്‍ഘാസ് ക്ഷണിക്കും. ദോഹ മെട്രോയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ ഖത്തര്‍ റെയില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സ്വകാര്യ കാറുകളുടെ വേഗതയും മെട്രോയുടെ വേഗതയും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ മെട്രോ ഉപയോഗിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് ഏവര്‍ക്കും മനസിലാകുമെന്നും ഖത്തര്‍ റെയില്‍ സി.ഇ.ഒ അഭിപ്രായപ്പെട്ടു.
2017 അവസാനത്തോടെ രാജ്യത്തെ മെട്രോ റെയില്‍ പാള നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഖത്തര്‍ റെയില്‍ അടുത്തിടെ വാര്‍ഷി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകും. 2011ല്‍ തുടക്കം കുറിച്ച മെട്രോ പദ്ധതിയുടെ നിര്‍മാണം ത്വരിതഗതിയിലാണ് മുമ്പോട്ട് പോകുന്നത്. അടുത്ത വര്‍ഷം പകുതിയോടെ 65 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍.ആര്‍.ടി) എന്നിവയുടെ ആദ്യഘട്ട മൂന്ന് ലൈനുകളുടെ നിര്‍മാണം 2020-ഓടെ പൂര്‍ണമാകുമെന്ന് ഈയിടെ ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു.ലുസൈല്‍ എല്‍.ആര്‍.ടി പാതക്ക് ആവശ്യമായ തുരങ്കങ്ങള്‍ നൂറുശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. 2021 ഓടെ പ്രതിദിനം 6,30,000 ട്രിപ്പുകള്‍ ദോഹ മെട്രോ നടത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.