ദോഹയിൽ നിന്നും കേരളത്തിലേക്ക് ഇൻഡിഗോ വിമാനസർവീസ് ആരംഭിക്കുന്നു
text_fieldsദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ നോ ഫ്രിൽ(ചെലവ് കുറഞ്ഞ) എയർലൈനായ ഇൻഡിഗോ ദോഹയിൽ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുൾപ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ദോഹയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ഏഴാമത് സർവീസിനാണ് ഇൻഡിഗോ തുടക്കം കുറിക്കുന്നത്.
എന്നാൽ ഏത് ദിവസമാണ് സർവീസ് ആരംഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടാം വാരം വിമാനസർവീസ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തേ, മാർച്ച് 20ന് ഇൻഡിഗോ ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും ഏപ്രിൽ എട്ടിന് ഷാർജയിലേക്ക് സർവീസ് ആരംഭിക്കാനിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. 2016ൽ ഇന്ത്യൻ തലസ്ഥാനമായ ദൽഹിയിൽ നിന്നും ദോഹയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഭ്യന്തര സർവീസുകൾക്ക് കമ്പനി മുൻഗണന നൽകിയതിനാൽ സർവീസ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേയ്സ് എന്നീ രണ്ട് വിമാന കമ്പനികൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ സംബന്ധിച്ച് ഏറ്റവും വലിയ വിപണിയാണ് ഗൾഫ് മേഖല. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്നത് ഗൾഫ് മേഖലയിലായതിനാലാണിത്. ഈ സെക്ടറിൽ തന്നെ ബിസിനസ്, ടൂറിസം യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൾഫ് മേഖലയിൽ നിന്നും യാത്ര ചെയ്തിരിക്കുന്നത് കൊച്ചി സെക്ടറിലാണ്.
3.2 മില്യൻ യാത്രക്കാരാണ് കൊച്ചി–ഗൾഫ് സെക്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.