മിഡിലീസ്റ്റിനും സുരക്ഷാ ഉടമ്പടി വേണമെന്ന് അമീർ
text_fieldsദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം വൃഥാവിലായിപ്പോയെന്നും ഖത്തർ അതിെൻറ പരമാധികാരം സംരക്ഷിച്ചുവെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
അയൽരാജ്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളൊക്കെ നിഷ്ഫലമായിരുന്നുവെന്നും മേഖലയിലെ വലിയ രാജ്യങ്ങളും അതിൽ പെടുന്നുവെന്നും അമീർ ശൈഖ് തമീം പറഞ്ഞു. ജർമനിയിൽ നടക്കുന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായ ഉപരോധത്തിലൂടെ തങ്ങളുടെ ജനതയെ പ്രയാസപ്പെടുത്താൻ ഉപരോധരാജ്യങ്ങൾ ശ്രമിച്ചു. എന്നാൽ ഖത്തർ അതിെൻറ പരമാധികാരം സംരക്ഷിച്ചു തന്നെ നിലകൊണ്ടെന്നും അമീർ വ്യക്തമാക്കി. വൻ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെയും പ്രതിസന്ധികളെയും നയതന്ത്ര മേഖലകളിലൂടെയും സാമ്പത്തിക നയങ്ങളിലൂടെയും ചെറു രാജ്യങ്ങൾക്ക് എങ്ങനെ നേരിടാൻ കഴിയുമെന്നതിെൻറ ഉത്തമോദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും കരാറുകളും വേണം. മിഡിലീസ്റ്റിനെ നിലവിലെ അവസ്ഥയിൽ നിന്നും പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരണം. നമ്മളെല്ലാരും ഇവിടെയുണ്ട്. സംഘർഷങ്ങൾ പരിഹരിക്കാൻ തക്ക ശക്തിയും സമ്പത്തും കൈവശമുള്ളവർ ഇതിലുൾപ്പെടും. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും മിഡിലീസ്റ്റ് കൂടുതൽ സഹായം ആവശ്യപ്പെടുന്ന സമയമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നതകളൊക്കെ മറന്ന് നമ്മൾ യൂറോപ്യൻ യൂണിയൻ മാതൃകയിൽ സുരക്ഷാ ഉടമ്പടി രൂപപ്പെടുത്തണം.ഇതിലൂടെ മേഖലയെ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ട് വരണം. അതിനുള്ള മികച്ച സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.
കഴിഞ്ഞതെല്ലാം മറക്കണം. സമാധാനവും ഐശ്വര്യവും അനുവദിക്കുന്ന തരത്തിൽ സുരക്ഷയുടെ ചെറിയ തലത്തിലെങ്കിലും മിഡിലീസ്റ്റിലെ രാജ്യങ്ങൾ ഒരുമിക്കണം.
ഇതൊരു സ്വപ്നമായി തുടരാതെ യാഥാർഥ്യമാക്കണം. വലിയ ശ്രമങ്ങൾ ഇതിനായി ആവശ്യമാണെന്നും സമ്മേളനത്തിൽ അമീർ ആവശ്യപ്പെട്ടു. സിറിയയിലും യമനിലും ലിബിയയിലും സാധാരണക്കാരുടെ നില വളരെ പരിതാപകരമാണെന്നും ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണ് അവിടെ നിലനിൽക്കുന്നതെന്നും അമീർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.