2024 ഖത്തർ ടൂറിസത്തിന് നേട്ടങ്ങളുടെ വർഷം
text_fieldsദോഹ: ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ഖത്തർ ടൂറിസത്തെ അടയാളപ്പെടുത്തിയ കാലമായിരുന്നു കഴിഞ്ഞവർഷം. നിരവധി നേട്ടങ്ങളും നാഴികക്കല്ലുകളുമാണ് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ നിയന്ത്രിക്കുന്ന ഖത്തർ ടൂറിസം പോയ വർഷത്തിൽ സ്വന്തമാക്കിയത്.
ഒരു കലണ്ടർ വർഷത്തിൽ 50 ലക്ഷം സന്ദർശകരെന്ന അഭൂതപൂർവമായ നേട്ടമാണ് 2024ന്റെ അവസാന നാളുകളിൽ ഖത്തർ ടൂറിസത്തെ തേടിയെത്തിയ പ്രധാന നേട്ടം. മുൻവർഷത്തെ സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർധന രേഖപ്പെടുത്തി ഈ വർഷം 50,76,640 പേർ ഖത്തർ സന്ദർശിച്ചതായി ഖത്തർ ടൂറിസം പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ മാത്രം ആറ് ലക്ഷത്തിനടുത്ത് സന്ദർശകരാണ് രാജ്യത്തെത്തിയത്. മുൻവർഷത്തെ ഡിസംബറിനെ അപേക്ഷിച്ച് 14.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വിമാന-കരയാത്രക്കാരുടെയും എണ്ണത്തിൽ വർധന രേഖപ്പെടുത്തി. അതേസമയം, ക്രൂസ് യാത്രികരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി.
ആകെ സന്ദർശകരിൽ 41 ശതമാനം പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യ, ഇന്ത്യ, ബ്രിട്ടൻ, ജർമനി, അമേരിക്ക രാജ്യങ്ങളിൽനിന്നായിരുന്നു ഏറ്റവും കൂടുതൽ സന്ദർശകർ.
നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമുള്ള ശ്രമങ്ങൾക്ക് പോയ വർഷം മൂന്ന് അഭിമാനകരമായ അവാർഡുകൾ സ്വന്തമാക്കാനും ഖത്തർ ടൂറിസത്തിനായി.
വിസിറ്റ് ഖത്തറിന്റെ ജെൻ എ.ഐ ചാറ്റ്ബോട്ട് ട്രിപ് കൺസിയർജിനുള്ള മൈക്രോസോഫ്റ്റ് എ.ഐ എക്സലൻസ് അവാർഡ്, മികച്ച ആപ്ലിക്കേഷനുള്ള (മൊബൈൽ, ടാബ്ലെറ്റ്) മിന ഡിജിറ്റൽ ഗോൾഡ് അവാർഡ്, മികച്ച വെബ് പ്ലാറ്റ്ഫോമിനുള്ള മിന ഡിജിറ്റൽ സിൽവർ അവാർഡ് എന്നിവയാണ് വിസിറ്റ് ഖത്തറിന് ലഭിച്ചത്.
മിഷെലിൻ ഗൈഡിന്റെ അരങ്ങേറ്റത്തോടെ ഖത്തറിന്റെ പാചകരംഗം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഖത്തറിനെ ആഗോള ഡൈനിങ് ഡെസ്റ്റിനേഷൻ എന്ന പദവിക്ക് ഇത് കാരണമായി.
ഇ.യു ബിസിനസ് ഫോറം, സ്പെയിനിലെ ഐ.ബി.ടി.എം വേൾഡ്, ലിസ്ബണിലെ വെബ് ഉച്ചകോടി, ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് എന്നിവയുൾപ്പെടെ പ്രശസ്തമായ അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഖത്തർ ടൂറിസം പങ്കാളികളായി.
ലോകത്തിലെ സുപ്രധാന കുടുംബ സൗഹൃദ കേന്ദ്രങ്ങളിലൊന്നായി ഖത്തറിന്റെ മാറ്റത്തിന് അടിവരയിടുന്നതാണ് നേട്ടങ്ങളെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.