2027 ബാസ്കറ്റ്ബാൾ ലോകകപ്പ്: ലോഗോ തയാറായി
text_fields2027 ബാസ്കറ്റ്ബാൾ ലോകകപ്പിന്റെ ലോഗോ
ദോഹ: 2027ൽ ഖത്തർ വേദിയൊരുക്കുന്ന ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി. അറബ് പാരമ്പര്യ മേൽകുപ്പായമായ ബിഷ്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലോകകപ്പിന്റെ ലോഗോ തയാറാക്കിയത്. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിൽ ബാസ്കറ്റ്ബാൾ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ ‘ഫിബ’യും പ്രദേശിക ടൂർണമെന്റ് സംഘാടക സമിതിയും ചേർന്ന് ലോഗോ പുറത്തിറക്കി. ഒപ്പം, ‘സ്റ്റെപ് ഇറ്റ് അപ്’ കാമ്പയിനും തുടക്കം കുറിച്ചു. മധ്യപൂർവേഷ്യയിൽ ആദ്യമായെത്തുന്ന ബാസ്കറ്റ്ബാൾ ലോകകപ്പിന് 2027 ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെയാണ് ദോഹ വേദിയാകുന്നത്.
ലോക ജേതാക്കൾക്കുള്ള നൈസ്മിത് ട്രോഫിയെ ബിഷ്ത് കൊണ്ട് ആവരണം ചെയ്ത മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ഗോൾഡൻ നിറത്തിനൊപ്പം ബിഷ്തിന്റെ അലങ്കാരവുമെല്ലാം ചേർന്നാണ് വിശ്വമേളയുടെ ലോഗോ ഒരുങ്ങിയത്. ഖത്തറിന്റെയും അറബ് മേഖലയുടെയും സമ്പന്നമായ സംസ്കാരവും മൂല്യങ്ങളും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയതെന്ന് പ്രാദേശിക സംഘാടക സമിതി ഡയറക്ടർ ജനറൽ മുഹമ്മദ് സഅദ് അൽ മിഗൈസീബ് പറഞ്ഞു.
ടൂർണമെന്റിന്റെ ഓരോ ഘട്ടങ്ങളിലുമായി നിറം മാറുന്ന രീതിയിലാണ് ലോഗോ തയാറാക്കുന്നത്. യോഗ്യതാ റൗണ്ടിൽ വെളുത്ത നിറത്തിൽ തുടങ്ങി ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലായി ലോഗോ രൂപാന്തരം പ്രാപിക്കും. 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ തുടങ്ങിയ വലിയ മേളകൾക്കുശേഷം ഖത്തർ കാത്തിരിക്കുന്ന ഏറ്റവും വലിയ ലോകമേളയാണ് ബാസ്കറ്റ്ബാൾ ലോകകപ്പ്. 2023 ഏപ്രിലിലാണ് ഖത്തറിനെ വേദിയായി തെരഞ്ഞെടുത്തത്. ഈ വർഷം നവംബറിൽ യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമാവും. 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.