നികുതിയിനത്തിൽ വെട്ടിച്ചത് 2.4 കോടി റിയാൽ; രണ്ടു കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: 24 മില്യൺ (2.4 കോടി) റിയാൽ നികുതി വെട്ടിച്ചതായി ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ)ക്ക് കീഴിലെ റവന്യൂ പ്രൊട്ടക്ഷൻ ടീം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കമ്പനികൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച് നടത്തിയ അന്വേഷണത്തിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
കൂടുതൽ നിയമനടപടികൾക്കായി രണ്ട് കമ്പനികളെയും അധികൃതർ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി. നിയമലംഘനം നടത്തിയതിന് നിയമം അനുശാസിക്കുന്ന പിഴ ചുമത്താനും നികുതിയിനത്തിൽ വെട്ടിപ്പ് നടത്തിയ 24 ദശലക്ഷം റിയാൽ കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്. കമ്പനിയുടെ യഥാർഥ വരുമാനം മറച്ചുവെച്ചതിന് ഒരു കമ്പനിക്ക് അഞ്ചുലക്ഷം റിയാലാണ് പിഴ ചുമത്തിയത്.
പ്രസ്തുത കമ്പനിയുടെ സി.ഇ.ഒയും നിയമപ്രതിനിധിയുമായ വ്യക്തിയും പങ്കാളിയായ അറബ് പൗരനും കുറ്റക്കാരെന്നു കോടതി കണ്ടെത്തുകയും 19 ദശലക്ഷം റിയാൽ നൽകാൻ ഉത്തരവിടുകയും ചെയ്തു. നികുതിവെട്ടിപ്പ് നടത്തിയ രണ്ടാമത്തെ കമ്പനിയുടെ അംഗീകൃത പങ്കാളിയായ അറബ് പൗരനെ ഒരുവർഷത്തെ തടവിന് ശിക്ഷിക്കാനും ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും കോടതി ഉത്തരവായി.
ജി.ടി.എയിൽ രജിസ്റ്റർ ചെയ്യാതിരിക്കുക, കമ്പനിയുടെ വരുമാനം മറച്ചുവെക്കുക, നികുതിവെട്ടിക്കാൻ വഞ്ചന നടത്തുക എന്നീ കുറ്റകൃത്യങ്ങൾ നടത്തിയതിനാണ് നടപടി. രണ്ടാമത്തെ കമ്പനിക്ക് പത്തുലക്ഷം ഖത്തർ റിയാൽ പിഴ ചുമത്തുകയും ചെയ്തു. ലോകമെമ്പാടുമുള്ള നികുതി സമ്പ്രദായങ്ങൾക്ക് ഗുരുതരമായ തടസ്സമാണ് നികുതിവെട്ടിപ്പെന്ന് അധികൃതർ അറിയിച്ചു. അത്തരം കുറ്റകൃത്യങ്ങൾ ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
നികുതിദായകർക്കിടയിലെ സമത്വത്തെയും ന്യായമായ അവസരങ്ങളെയും ദോഷകരമായി ബാധിക്കും. കമ്പനികൾക്കിടയിലെ മത്സര നേട്ടം ഇല്ലാതാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. നികുതിവെട്ടിപ്പിനെ ചെറുക്കുന്നതിന് അത്തരം കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജി.ടി.എ മുന്നറിയിപ്പ് നൽകി.
2018ലെ ആദായനികുതി നിയമം 24ാം നമ്പർ നിയമവ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നികുതിവെട്ടിപ്പിലേക്ക് നയിച്ചേക്കാവുന്ന വഞ്ചനപരമായ നടപടികൾ അവസാനിപ്പിക്കുന്നതിനും ജി.ടി.എയുടെ റവന്യൂ പ്രൊട്ടക്ഷൻ ടീം ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നികുതി നിയമങ്ങളിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും കർശനമായി പാലിക്കാൻ എല്ലാ നികുതിദായകരും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.