ഗൾഫ് മാധ്യമം' ഷി ക്യൂ പുരസ്കാരം ഫൈനൽ റൗണ്ടിൽ 26 പേർ; അവാർഡ് നിശ ജൂൺ 30ന്
text_fieldsദോഹ: ഖത്തറിന്റെ ബുഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ വനിതാ രത്നങ്ങൾക്കായി ഗൾഫ് മാധ്യമം ഒരുക്കുന്ന ഗ്രാൻഡ് മാൾ 'ഷി ക്യൂ' പുരസ്കാരം അവസാന റൗണ്ടിലേക്ക്. ആദ്യ റൗണ്ടിൽ ലഭിച്ച നാമനിർദേശങ്ങളിൽനിന്ന് അവാർഡിനുള്ള എട്ട് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 26 പേരാണ് അവസാന റൗണ്ടിൽ ഇടം നേടിയത്. ഇവരിൽ ആരാണ് അതത് വിഭാഗങ്ങളിൽ പ്രഥമ 'ഷി ക്യൂ' പുരസ്കാരത്തിന് അർഹരെന്ന് കണ്ടെത്താൻ വായനക്കാർക്കും അവസരമുണ്ട്. ഞായറാഴ്ച ഓൺലൈൻ വോട്ടെടുപ്പ് ആരംഭിക്കും. മേയ് അവസാന വാരംവരെ നീണ്ടുനിന്ന ആദ്യ റൗണ്ടിൽ 700ൽ ഏറെ നാമനിർദേശങ്ങളാണ് ഗൾഫ് മാധ്യമം 'ഷി ക്യൂ' പുരസ്കാരത്തിനായി ലഭിച്ചത്. പതിറ്റാണ്ടുകളായി സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സേവനം നടത്തുന്ന വനിതകളുടെ വലിയ തോതിലുള്ള പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.
എട്ടു വിഭാഗങ്ങളിൽനിന്നായി 26 പേരാണ് അവസാന റൗണ്ടിൽ ഇടം പിടിച്ചത്. കാർഷികം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽനിന്നായി നാലുപേർ ഫൈനൽ റൗണ്ടിൽ ഇടം നേടി. കല-സാഹിത്യം, അധ്യാപനം, സംരംഭക, ആരോഗ്യം, സോഷ്യൽ-മീഡിയ ഇൻഫ്ലുവൻസർ, കായികം എന്നീ വിഭാഗങ്ങളിൽനിന്ന് മൂന്നു പേർ വീതമാണ് അവസാന റൗണ്ടിൽ ഇടംപിടിച്ചത്. വിദഗ്ധരായ ജഡ്ജിങ് പാനലിന്റെ സൂക്ഷ്മ പരിശോധനകൾക്കും അവലോകനങ്ങൾക്കും ഒടുവിലാണ് അന്തിമ പട്ടിക തയാറാക്കിയത്. കൃഷി, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചതും കടുത്ത മത്സരങ്ങൾ നടന്നതും. ഒടുവിൽ, ഈ വിഭാഗങ്ങളിൽനിന്ന് സൂക്ഷ്മ പരിശോധനയിലൂടെ നാലുപേരെ ഫൈനൽ റൗണ്ടിലേക്ക് പരിഗണിക്കുകയായിരുന്നു.
വോട്ടിങ് നാളെ മുതൽ
എട്ടു വിഭാഗങ്ങളിലായി ഫൈനൽ റൗണ്ടിൽ ഇടം നേടിയവർക്കായി വായനക്കാർക്കും വോട്ട് ചെയ്യാം. ഞായറാഴ്ച മുതൽ ഗൾഫ് മാധ്യമം ഓൺലൈൻ വഴിയാണ് വോട്ടിങ്. ജൂൺ 23വരെ ഓൺലൈൻ വോട്ടിങ് തുടരും. തുടർന്ന്, ആകെ വോട്ടിന്റെ നിശ്ചിത ശതമാനം കൂടി കണക്കാക്കി, കേരളത്തിലും ഖത്തറിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കാളികളായ ജഡ്ജിങ് പാനലായിരിക്കും ഓരോ വിഭാഗത്തിലെയും വിജയികളെ തിരഞ്ഞെടുക്കുന്നത്.
പുരസ്കാര സമ്മാനത്തിന് താരനിര
മലയാള സിനിമാലോകത്തെ താരസാന്നിധ്യം മംമ്ത മോഹൻദാസ് മുഖ്യാതിഥിയായെത്തുന്ന ചടങ്ങിലാവും 'ഗൾഫ് മാധ്യമം' ഷി ക്യൂ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ജൂൺ 30ന് ഹോളിഡേ ഇൻ ദോഹയിലെ അൽമാസ ബാൾറൂമിലെ പ്രൗഢഗംഭീരമായ സദസ്സ് അവാർഡ്നിശക്ക് സാക്ഷിയാവും.
ഫൈനൽ റൗണ്ടിൽ ഇടം നേടിയവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ, സംഗീത വിസ്മയവുമായി മലയാളത്തിന്റെ അനുഗ്രഹീത ഗായകരും എത്തും. ചലച്ചിത്ര പിന്നണി ഗാനമേഖലയിലെ തലയെടുപ്പുള്ള താരങ്ങളായ വിധുപ്രതാപ്, ജ്യോത്സ്ന, അക്ബർ ഖാൻ, വർഷ രഞ്ജിത്ത് എന്നിവരാണ് പുരസ്കാര രാവിൽ പാടിത്തിമിർക്കാനെത്തുന്നത്. പ്രമുഖ ഖത്തരി വ്യക്തിത്വങ്ങളും സാക്ഷിയാവാനെത്തും. കോവിഡാനന്തരം ഖത്തറിലെ മലയാള സമൂഹത്തിന്റെ ആഘോഷങ്ങളിൽ ശ്രദ്ധേയമായി മാറും അവാർഡ് നിശയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.