27 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു
text_fieldsദോഹ: രാജ്യത്തെ 27 സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. അധിക ക്ലാസുകളുടെ നിർമാണം, സൗകര്യങ്ങളുടെ വിപുലീകരണം, നവീകരണം, അഗ്നിശമന സംവിധാനങ്ങളുടെ ശേഷി ഉയർത്തൽ തുടങ്ങിയ പ്രവൃത്തികൾ ഇതിലുൾപ്പെടും. സ്കൂളുകളുടെ നിർമാണവും വിപുലീകരണവും വിദ്യാഭ്യാസ കെട്ടിടങ്ങളുടെ വൈവിധ്യവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പ്രകാരം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ 27 സ്കൂളുകൾ നവീകരിച്ചതായും കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളാനും വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും അശ്ഗാൽ എജുക്കേഷൻ പ്രോജക്ട് വിഭാഗം മേധാവി എൻജി. അഹ്മദ് അൽ ഇമാദി പറഞ്ഞു. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയതിനാൽ ചില സ്കൂളുകളിൽ അധിക ക്ലാസ് റൂമുകളും പദ്ധതിക്ക് കീഴിൽ അശ്ഗാൽ നിർമിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കായി വിദ്യാഭ്യാസ, പാരിസ്ഥിതിക, വിശ്രമ വിനോദ, കായിക സൗകര്യങ്ങളും സേവനങ്ങളുമാണ് സ്കൂളുകളിൽ നൽകുന്നതെന്നും ഖത്തരി സംസ്കാരത്തോട് ചേർന്നുനിന്നാണ് സ്കൂളുകളുടെ രൂപരേഖകളും നിർമാണവും പൂർത്തിയാക്കുന്നതെന്നും എൻജി. അൽ ഇമാദി കൂട്ടിച്ചേർത്തു. അധികമായി നിർമിച്ച സ്കൂൾ കെട്ടിടങ്ങളിൽ രണ്ട് നിലകളിലായി ക്ലാസ് റൂമുകൾക്ക് പുറമേ, കഫറ്റീരിയ, സൂപ്പർവൈസർ റൂം, ടീച്ചർ റൂം, അഡ്മിൻ ഓഫിസ്, സ്റ്റോർ റൂം, ബാത്ത്റൂം എന്നിവയുമുണ്ടാകും. പ്രധാനമായും വ്യത്യസ്ത വലുപ്പത്തിൽ മൂന്ന് രൂപരേഖയിലാണ് സ്കൂളുകളുടെ നിർമാണം. വില്ലേജ് രൂപത്തിൽ നാലാമത് രൂപരേഖയിൽ രണ്ട് സ്കൂളുകളാണ് നിർമിച്ചത്. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സ്കൂളിൽ നാല് ലബോറട്ടറികളും ലബോറട്ടറി പ്രിപ്പറേഷൻ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. ഏഴ് മില്യൺ അപകടരഹിത മണിക്കൂറുകൾ കൊണ്ട് അത്യുന്നത അന്താരാഷ്ട്ര നിലവാരത്തിലാണ് സ്കൂളുകളും മറ്റു സൗകര്യങ്ങളും നിർമിച്ചിരിക്കുന്നതെന്നും അൽ ഇമാദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.