കായികലോകത്തെ പകർത്തിവെച്ച 3-2-1
text_fieldsദോഹ: 3-2-1, കായിക ലോകത്ത് കുതിപ്പിലേക്കുള്ള കൗണ്ട്ഡൗണാണ് ഈ നമ്പറുകൾ. കളിയെ ഹൃദയത്തിൽ ആവാഹിച്ച ഖത്തറിന് പക്ഷേ, കായിക ചരിത്രത്തിലേക്കുള്ള കവാടമാണ് ത്രീ ടു വൺ... ഓരോ നിർമിതിയിലും ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഈ കൊച്ചുരാജ്യം കഴിഞ്ഞയാഴ്ച തുറന്നു നൽകിയത് മറ്റൊരു വിസ്മയത്തിലേക്കായിരുന്നു. അതാണ് ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തോട് ചേർന്ന് നിർമിച്ച 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം.
ഖത്തർ ഫിഫ കോൺഗ്രസിനും ലോകകപ്പ് ഗ്രൂപ് മത്സരങ്ങളുടെ നറുക്കെടുപ്പിനും വേദിയാവുന്നതിന്റെ തിരിക്കിനിടയിൽ ഒരാഴ്ച മുമ്പായിരുന്നു ഈ കായിക ചരിത്ര മ്യൂസിയം കണ്ണു തുറന്നത്. രാജ്യത്തിന്റെ കായിക പ്രതിഭകൾ സാക്ഷിയായ വേദിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
• ചരിത്രത്തിൽ നിന്ന് ഭാവിയിലേക്ക്
നിർമിതിയിൽ ഒരു വാസ്തുശിൽപ വിസ്മയമാണ് ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം. ചുറ്റുഗോവണി പോലെ ഏഴ് നിലകളിൽ ഒരുക്കിയ അറിവിന്റെയും കാഴ്ചയുടെയും ഇടം. മുകളിലെ നിലയിൽ നിന്ന് തുടങ്ങുന്ന സന്ദർശനത്തിൽ കാഴ്ചക്കാരനെ കൊണ്ടുപോവുന്നത് ആദിമകാലത്ത് മനുഷ്യൻ വിനോദങ്ങൾക്കായി കണ്ടെത്തിയ പുരാതന കായിക ഇനങ്ങളിലേക്ക്. ബി.സി എട്ടാം നൂറ്റാണ്ടിലെ കായിക വിനോദങ്ങളെ ജീവൻ തുടിക്കുന്ന ദൃശ്യഭംഗിയും ശബ്ദമിശ്രണവുമായി അവതരിപ്പിച്ചുകൊണ്ടാണ് ഈ അത്ഭുത ലോകത്തേക്ക് സഞ്ചാരികളെ വരവേൽക്കുന്നത്. അങ്ങനെ, ഏഴ് ഘട്ടങ്ങളായി തിരിച്ചുള്ള മ്യൂസിയം പ്രദർശനം. ലോബി ഏരിയയിൽ തുടങ്ങി ആദ്യമെത്തുന്നത് കായിക ലോക ചരിത്രം വിവരിക്കുന്നിടത്ത്. യൂറോപ്പും, ഏഷ്യയും ആഫ്രിക്കയും പശ്ചിമേഷ്യയും ഓഷ്യാനിയയുമെല്ലാം കായിക ചരിത്രവുമായി ഇവിടെ ചുമരിലും മേൽക്കൂരയിലും നിറയുന്നു.
വിവിധ കാലങ്ങളിലെ കായിക വിശേഷങ്ങളും, അവയിലെ രൂപാന്തരവും കാണുമ്പോഴറിയാം ഇന്നു കാണുന്ന ഓരോ കായിക ഇനങ്ങളുടെയും പിന്നാമ്പുറ കഥകൾ. ശേഷം ഒളിമ്പിക്സിന്റെ അതുല്യ സ്മരണകൾ കോർത്തിണക്കുന്ന 'ദി ഒളിമ്പിക്സ്' ഏരിയ. ഗ്രീക്കിലെ ആതൻസിൽ തുടങ്ങി 2021 ടോക്യോ വരെ നീണ്ട സചിത്ര വിവരണങ്ങൾ. ഒളിമ്പിക്സിന്റെ വളർച്ചയും, ആദ്യകാലങ്ങളിൽ നൽകിയ ഒലീവ് കിരീടങ്ങളും വിവിധ ഒളിമ്പിക്സുകളിലെ ദീപ ശിഖകളും, മെഡലുകളും മുഹൂർത്തങ്ങളുമായി നീണ്ടു നിരന്നു നിൽക്കുന്നു.
'ഹാൾ ഓഫ് ഫെയിം' ആണ് നാലാമതായി കാഴ്ചക്കാരനെ കാത്തിരിക്കുന്ന മറ്റൊരിടം. മൂന്ന് നിലകളിലായി 20, 21 നൂറ്റാണ്ടുകളിൽ കായിക ലോകത്ത് വിവിധ മേഖലകളിൽ മിന്നിത്തിളങ്ങിയ 90 താരങ്ങൾ ചില്ലുകൂട്ടിൽ അവിസ്മരണീയ സാന്നിധ്യമാവുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ കൈയൊപ്പു ചാർത്തിയ ഗ്ലൗ, ജീവൻ തുടിക്കുന്ന ജെസി ഓവൻസിന്റെ ഒളിമ്പിക്സ് നിമിഷം, ഫുട്ബാൾ ചക്രവർത്തി പെലെയുടെ പന്തും ജഴ്സിയും തുടങ്ങി ഉസൈൻ ബോൾട്ടിന്റെ സ്പൈക്കും, മൈകൽ ഷൂമാക്കറുടെ ഫോർമുല വൺ കാറും വരെ നിരനിരയായി നിൽക്കുന്നു.
ഇന്ത്യൻ സാന്നിധ്യമായി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ഹോക്കി സ്റ്റിക്കും, സചിൻ ടെൻഡുൽക്കറുടെ ഒപ്പുചാർത്തിയ ക്രിക്കറ്റ് ബാറ്റും മേരികോമിന്റെ ഗ്ലൗസും ലോകചാമ്പ്യൻഷിപ്പിലെ മെഡലുമെല്ലാം സന്ദർശകർക്ക് അത്ഭുത കാഴ്ചയാണ്. അങ്ങനെ നീണ്ടു കിടക്കുന്ന മ്യൂസിയം കാഴ്ചയിൽ പുതുതലമുറ കായിക പ്രേമികളെ ഏറെ ആകർഷിക്കുന്നതിനായി ലയണൽ മെസ്സി കഴിഞ്ഞ വർഷം സ്വന്തമാക്കിയ ബാലൺഡി ഓർ പുരസ്കാരവുമുണ്ട്.
ഒളിമ്പിക്സിലൂടെ സമകാലിക കായിക ലോകം സഞ്ചരിച്ചു കഴിയുന്നതോടെ ഖത്തറിന്റെ കായിക വിശേഷങ്ങളിലെത്താം. 2006 ഏഷ്യൻ ഗെയിംസും 1970 മുതൽ രാജ്യം വേദിയായ കായിക മത്സരങ്ങളും വിവിധ സ്റ്റേഡിയങ്ങളുടെ വളർച്ചയും മുതൽ ടോക്യോ ഒളിമ്പിക്സിലെ ചരിത്ര നേട്ടവും വരാനിരിക്കുന്ന ഫിഫ ലോകകപ്പും വരെ വരച്ചിടുന്നു ഈ മേഖല. ഏറ്റവും ഒടുവിലായി സന്ദർശകർക്ക് കൂടി അൽപം കായിക വിനോദങ്ങൾ ആസ്വദിച്ചുകൊണ്ട് ഒരു ചരിത്ര യാത്രയിൽ നിന്നും പുറത്തേക്കു വരാം.
ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസയുടെ നേതൃത്വത്തിലാണ് കായിക ലോകത്തിന്റെ തന്നെ അടയാളമായി മാറിയ ഈ ഒളിമ്പിക്സ് സ്പോർട്സ് മ്യൂസിയം പൂർത്തിയാക്കി സന്ദർശകർക്ക് മുമ്പാകെ തുറന്നു നൽകിയത്.
സ്പാനിഷ് ആർകിടെക്ട് യുവാൻ സിബിനയാണ് സിലിൻഡ്രിക്കൽ ഗ്ലാസ് മാതൃകയിൽ അഞ്ച് ഒളിമ്പിക് വളയങ്ങൾ കൂടി ചാർത്തപ്പെട്ട് തലയുയർത്തി നിൽക്കുന്ന ഈ മ്യൂസിയത്തിന്റെ ശിൽപി. 19,000 ചതുരശ്ര മീറ്റർ വിശാലതയിലാണ് നിർമാണം.
സന്ദർശക സമയം
• ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ
• വെള്ളി ഉച്ചക്ക് 1.30 മുതൽ രാത്രി ഏഴു വരെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.