ഖത്തറിലെ 3ജിക്ക് റിട്ടയർമെൻറ്; 2025 ഡിസംബർ വരെ മാത്രം
text_fieldsദോഹ: മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ ഏതാനും വർഷംമുമ്പ് വരെ നായകനായിരുന്ന മൂന്നാം തലമുറ (3ജി) ടെലി കമ്യൂണിക്കേഷൻ സേവനങ്ങൾ വിരമിക്കാൻ ഒരുങ്ങുന്നു.
2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങളും അവസാനിപ്പിക്കണമെന്ന് ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ) ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചിച്ചതിനു ശേഷമാണ് തീരുമാനം.
അതിവേഗവും, കാര്യക്ഷമതയുമുള്ള 4ജി, 5ജി സേവനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കാലഹരണപ്പെട്ട മൂന്നാം തലമുറക്ക് റിട്ടയർമെൻറ് നൽകുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന നൂതനവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കി രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള സി.ആർ.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
സി.ആർ.എയുടെ ഉത്തരവ് പ്രകാരം ഉരീദു ഖത്തർ ക്യു.പി.എസ്.സി, വോഡഫോൺ ഖത്തർ ക്യു.പി.എസ്.സി എന്നീ സേവന ദാതാക്കൾ നിശ്ചിത സമയപരിധിക്കുള്ളിൽ മൂന്നാം തലമുറ സേവനങ്ങൾ നിർത്തലാക്കും. നാലാം തലമുറ (4ജി, എൽ.ടി.ഇ4), അഞ്ചാം തലമുറ (5ജി) ശൃംഖലകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള റേഡിയോ സ്പെക്ട്രം ഉറവിടങ്ങളുടെ പരമാവധി ഉപയോഗമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാലഹരണപ്പെട്ട ടെക്നോളജികൾ പിൻവലിക്കാനുള്ള സി.ആർ.എയുടെ ശ്രമങ്ങൾക്കൊപ്പം, 5ജി ശൃംഖലകളുടെ വികസനത്തിനും വിപുലീകരണത്തിനും വേണ്ടി രണ്ട് സേവന ദാതാക്കളെ അവരുടെ നിക്ഷേപം വർധിപ്പിക്കാനും ഈ തീരുമാനം പ്രയോജനപ്പെടും.
ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതും 4ജി സാങ്കേതികവിദ്യക്ക് അനുയോജ്യമായ ഉപകരണങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ തന്നെ, രണ്ട്, മൂന്ന് തലമുറ സാങ്കേതികവിദ്യകളെ മാത്രം തുണക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതി നിരോധിക്കാനും സി.ആർ.എ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.